തേന്‍ ജില്ലയാകാനൊരുങ്ങി കണ്ണൂര്‍
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് ആരംഭിച്ച തേനീച്ച കൃഷിയും തേനുല്‍പാദനവും കണ്ണൂരിനെ തേന്‍ ജില്ലയാക്കി മാറ്റുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച തേനീച്ചകൃഷി വന്‍ വിജയമായതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിപുലപ്പെടുത്തുന്ന തേനീച്ച കൃഷിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പരിശീലന പരിപാടി നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. വി.കെ സുരേഷ് ബാബു അധ്യക്ഷനായി.
വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി തേനീച്ച കര്‍ഷകര്‍ക്കായി 50 ശതമാനം സബ്‌സിഡിയില്‍ ഉല്‍പാദന സാമഗ്രികള്‍ നല്‍കിയിരുന്നു. 120 കര്‍ഷക ഗ്രൂപ്പുള്‍ക്കായി 164 യൂനിറ്റ് സാമഗ്രികളായിരുന്നു വിതരണം ചെയ്തത്. ഇതില്‍ ഒരു വര്‍ഷം കൊണ്ട് 11,600 കിലോയിലധികം തേന്‍ ഉല്‍പാദനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കാങ്കോല്‍, വേങ്ങാട് വിത്തുല്‍പാദന കേന്ദ്രങ്ങള്‍, കരിമ്പം ജില്ലാ ഫാം, പാലയാട് കോക്കനട്ട് നഴ്‌സറി എന്നിവിടങ്ങളിലും തേനീച്ച കൃഷി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.കൃഷിയിലൂടെ ലഭിക്കുന്ന തേന്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി സംഭരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിച്ച് തേന്‍ വിതരണ ബ്രാന്റ് തയാറാക്കാനാണ് പദ്ധതി. ഇതിലൂടെ ഉന്നത ഗുണനിലവാരമുള്ള തേന്‍ ഉപഭോക്താവിന് ലഭിക്കും. വിദ്യാര്‍ഥികള്‍ വഴി തേനിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള പ്രചരണവും ഉപഭോഗവും വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. കൂടാതെ തേനീച്ച കൃഷി മൂലം തോട്ടങ്ങളില്‍ പരാഗണം വഴി 17ലധികം ഉല്‍പാദനക്ഷമത വര്‍ധിക്കാനും കാരണമാവും.
ചാര്‍ളി മാത്യു തേനീച്ച കര്‍ഷകര്‍ക്കായി ക്ലാസ് എടുത്തു. കെ.പി ജയബാലന്‍, അജിത്ത് മാട്ടൂല്‍, വി. ചന്ദ്രന്‍, വി.കെ പീതാംബര ബാബു, എ.കെ വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."