ബഹളവും ഇറങ്ങിപ്പോക്കും
കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേയുള്ള പ്രമേയത്തിനെയും ആസ്തി രജിസ്റ്ററില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉള്‍പ്പെടുത്തുന്നതിനെയും ചൊല്ലി കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും വാക്കേറ്റവും. ബഹളത്തെ തുടര്‍ന്നു യോഗം ബഹിഷ്‌കരിച്ചു മുസ്‌ലിംലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം യോഗം നിര്‍ത്തിവച്ചു.
ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗമാണ് ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചത്. ചെയര്‍മാനെ ഡയസിനു മുന്നില്‍വന്നു പ്രതിപക്ഷം അധിക്ഷേപിച്ചെന്നു ഭരണപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവും മുസ്‌ലിംലീഗ് കൗണ്‍സിലറുമായ യു.കെ മമ്മദീശ മദ്യനയത്തിനെതിരേയുള്ള പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണമെന്നായിരുന്നു പ്രമേയം. എന്നാല്‍, പ്രമേയം അവതരിപ്പിക്കുന്നതിനു ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി അനുമതി നല്‍കിയില്ല.
വിഷയത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നു വികസന സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. കെ.കെ സമദ് പറഞ്ഞു. എന്നാല്‍, അടുത്ത യോഗത്തില്‍ പ്രമേയം പരിഗണിക്കാമെന്നു ചെയര്‍മാന്‍ കത്ത് നല്‍കിയതായി പ്രതിപക്ഷം ഉന്നയിച്ചു. ഇതോടെയാണ് ഇരുപക്ഷവും തമ്മില്‍ വാഗ്വാദം തുടങ്ങിയത്. പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാന്റെ ഡയസിനു മുന്നില്‍ പ്രതിഷേധവുമായെത്തി. തര്‍ക്കം ഒരു മണിക്കൂറിലേറെ നീണ്ടു. ഒടുവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ പ്രമേയം പരിഗണിക്കാനാകില്ലെന്നു സെക്രട്ടറി വിശദീകരണം നല്‍കിയതോടെയാണ് രംഗം ശാന്തമായത്.
വെണ്ണേങ്കാട് പള്ളിയാളി-ആനങ്ങാടി ഭാഗത്തേക്കു റോഡ് നിര്‍മിക്കുന്നതിനായി സ്ഥല ഉടമകള്‍ വിട്ടുനല്‍കിയ സ്ഥലം ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലിയായിരുന്നു പിന്നീട് തര്‍ക്കമുണ്ടായത്. നാലു സ്വകാര്യ വ്യക്തികളാണ് നഗരസഭയ്ക്കു സ്ഥലം വിട്ടുനല്‍കാമെന്ന് അറിയിച്ചത്. എന്നാല്‍, ഈ റോഡുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ഥലം ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തരുതെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസില്‍ കോടതിനിര്‍ദേശം വന്നതാണെന്നും നഗരസഭ സ്ഥലം വിട്ടുനല്‍കുന്നതിനും റോഡ് നിര്‍മാണത്തിനും മാത്രമാണ് സ്റ്റേ നിലനില്‍ക്കുന്നതെന്നും ഭരണപക്ഷം വാദിച്ചു. സൗജന്യമായി നല്‍കിയ ഭൂമി ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്നു ചെയര്‍മാനും നിലപാടെടുത്തു. വിഷയത്തില്‍ വേട്ടെടുപ്പ് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
21 പേര്‍ അനുകൂലമായും 18 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. വൈകി വന്ന കൗണ്‍സിലര്‍ രജിസ്റ്ററില്‍ ഒപ്പിട്ടെന്നും ചെയര്‍മാന്‍ വോട്ട് ചെയ്‌തെന്നും ആരോപിച്ചു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.
ചുക്കാന്‍ ബിച്ചു, മുഹമ്മദ്‌റാഫി, പി. അബ്ദുര്‍റഹ്മാന്‍, മൂസ, ഇ.എം റഷീദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."