പാതിവഴിയില്‍ വീണ ഒരേ തൂവല്‍പക്ഷികള്‍
ഹാറൂന്‍ റഷീദ്#
എക്കാലത്തും ഫുട്‌ബോളിന്റെ കരുത്ത് കാണികളാണ്. കാണികളുണ്ടെങ്കില്‍ മാത്രമേ താരങ്ങള്‍ക്കും ടീമിനും ഊര്‍ജവും കരുത്തുമുണ്ടാകൂ. അതിനാണ് ക്ലബുകള്‍ ഫാന്‍സിന് വേണ്ടി പലതും ചെയ്യുന്നത്. ട്രാവലിങ് ഫാന്‍സിനെ കൂടെകൂട്ടുന്നത്. വിജയത്തില്‍ ആര്‍ത്ത് വിളിക്കാന്‍ മാത്രമല്ല പരാജയങ്ങളില്‍ കൂകിവിളിക്കാനും കാണികള്‍ക്കറിയാം. അതാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ജോസ് മൗറീഞ്ഞോയുടെയും കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസിന്റെയും കാര്യത്തില്‍ സംഭവിച്ചത്. ഏറ്റവും ജനപിന്തുണയുള്ള രണ്ട് ക്ലബുകളില്‍ നിന്നാണ് രണ്ട് പേരും പടിയിറങ്ങിയിട്ടുള്ളത്. ആദ്യം ജെയിംസിന്റെ കാര്യത്തിലെന്തുണ്ടായി എന്ന് നോക്കാം.
ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ തുടക്കത്തില്‍ വന്‍പ്രതീക്ഷകളുമായിട്ടായിരുന്നു ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍വരെ എത്തിച്ചു എന്ന കാരണത്താലായിരുന്നു വീണ്ടും ജെയിംസിനെ തേടി പോകാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. സീസണിന്റെ തുടക്കത്തില്‍ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് നല്ല പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍, പിന്നീടുള്ള 11 മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയം എന്താണെന്ന് അറിഞ്ഞിട്ടില്ല. രണ്ട് ഗോളിന് ലീഡുണ്ടായിരുന്ന മത്സരം പോലും പരാജയപ്പെട്ട് ടീം വട്ടപ്പൂജ്യമായി. അവസാന മത്സരത്തില്‍ മുംബൈയില്‍ ആറും ഗോളും വാങ്ങി ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ വലിയ തോല്‍വിയുമായാണ് ജയിംസ് തന്റെ ബ്ലാസ്റ്റേഴ്‌സ് കരിയര്‍ അവസാനിപ്പിച്ചത്. മുന്നേറ്റനിരയില്‍ ഫിനിഷിങ്ങിന് ആളില്ല എന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ അലട്ടിയിരുന്ന പ്രധാന കാരണം.
തട്ടിയും മുട്ടിയും എതിര്‍ ബോക്‌സില്‍ പന്തെത്തിയാല്‍ ലക്ഷ്യത്തിലെത്തിക്കാനാകാത്തതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ശാപം. 12 മത്സരത്തില്‍ നിന്ന് 12 ഗോള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് അടിച്ചിട്ടുള്ളത്. 20 ഗോള്‍ വഴങ്ങുകയും ചെയ്തു. സി.കെ വിനീത് മുന്നേറ്റനിരയില്‍ പൂര്‍ണ പരാജയമാണെന്നറിഞ്ഞിട്ടും പലപ്പോഴും വിനീത് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. മതിയായ വിദേശ താരങ്ങളുണ്ടായിട്ടും അവരെ പുറത്തിരുത്തി എന്നതിന് പലപ്പോഴും ജെയിംസ് പഴി കേള്‍ക്കേണ്ടി വന്നു. പ്രതിരോധനിരയില്‍ സൂപ്പര്‍ സാനിധ്യമായിരുന്നു അനസ് എടത്തൊടികയെ തഴഞ്ഞതിനും ജെയിംസിന് പഴികേട്ടുകൊണ്ടേയിരുന്നു. ഏതാനും മത്സരങ്ങള്‍ അനസ് കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അനസിനായില്ല എന്ന പ്രശ്‌നം മറ്റൊരു ഭാഗത്തും നില്‍ക്കുന്നു. 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴും ബ്ലാസ്റ്റേഴ്‌സിന് സ്ഥിരമായി ഒരു ഇലവന്‍ ഉണ്ടായില്ല എന്നത് ഏറ്റവും വലിയ പരാജയമായി ഫാന്‍സ് വിലയിരുത്തുന്നു.
മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദ് എന്ന താരോദയം ഉയര്‍ന്നു വന്നു എന്നല്ലാതെ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം സീസണില്‍ മറ്റൊരു നേട്ടവും ടീമിനുണ്ടായിട്ടില്ല. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍സുകാരുടെ എണ്ണവും കുറഞ്ഞുകൊണ്ടേയിരുന്നു. 70,000വും അതിന് മുകളിലും കാണികളുണ്ടായിരുന്ന സ്റ്റേഡിയത്തില്‍ അവസാന മത്സരത്തിന് 10,000 താഴെ മാത്രം ആളുകളാണ് എത്തിയത്. ഇതാണ് മഞ്ഞപ്പടയെ ആകെ അങ്കലാപ്പിലായത്. എക്കാലത്തും മികച്ച ടീമൊന്നുമില്ലായിരുന്നെങ്കിലും മഞ്ഞയില്‍ കുളിച്ച് കൂടെ നിന്നിരുന്നു കാണികളായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. ഇതുകൂടി ചേര്‍ന്നതോടെയാണ് ബ്ലാസ്റ്റേഴ്‌സ് കാറ്റുപോയ ബലൂണായത്. ഇതാണ് ജെയിംസിന് പുറത്തേക്കുള്ള വഴിതുറന്നത്.
ഇതേ അനുഭവമാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ മൗറീഞ്ഞോക്കും നേരിടേണ്ടി വന്നത്. 1990ന് ശേഷം ഏറ്റവും മോശം ഫോമിലാണ് യുനൈറ്റഡ് തുടങ്ങിയിട്ടുള്ളത്. നിലവിര്‍ 17 മത്സരത്തില്‍ 26 പോയിന്റുമായി ആറാം സ്ഥാനത്താണ് യുനൈറ്റഡുള്ളത്. വിവധ ലീഗുകളില്‍ പരാജയത്തോടെ തുടങ്ങിയപ്പോള്‍ ഫാന്‍സുകളില്‍ നിന്ന് എതിര്‍പ്പ് തുടങ്ങിയിരുന്നു. യൂറോപ്പാ ലീഗില്‍ സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കുന്ന ക്ലബിനോട് പരജായപ്പെട്ട് തോല്‍വിയുടെ പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്നു. പോള്‍ പോഗ്ബ്, അലക്‌സി സാഞ്ചസ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുമായി സ്വരച്ചേര്‍ച്ചയില്ലാത്തത് ടീമിനുള്ളില്‍ മൗറീഞ്ഞോക്ക് കയ്‌പേറിയ അനുഭവമായി. പലപ്പോഴും ഒത്തിണക്കത്തെടെയുള്ള ടീമിനെ ഒരുക്കുന്നതില്‍ മൗറീഞ്ഞോ പൂര്‍ണ പരാജയമായിരുന്നു. ഇതോടെ ഫാന്‍സും ഇളകിത്തുടങ്ങി. ഒരുമാസം മുമ്പ് തന്നെ മൗറീഞ്ഞോയെ മാറ്റണണെന്ന ധ്വനികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഏതാനും ദിവസം മുമ്പ് ലിവര്‍പൂളിനോട് പരാജയപ്പെട്ടതോടെയാണ് ഫാന്‍സിന്റെ ആവശ്യപ്രകാരം മൗറീഞ്ഞോയെ മാറ്റാന്‍ ക്ലബ് നിര്‍ബന്ധിതരായത്. രണ്ട് പരിശീലകരുടെ പുറത്തുപോകലും സൂചിപ്പിക്കുന്നത് ഫാന്‍സാണ് ടീമുകളുടെ ഏറ്റവും വലിയകരുത്ത് എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."