ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്: അന്വേഷണം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്
കൊച്ചി: പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവയ്പ് കേസില്‍ അന്വേഷണം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്. വെടിവയ്പിനു ശേഷവും തനിക്ക് ഭീഷണി ഉണ്ടായെന്ന നടി ലീന മരിയാപോളിന്റെ മൊഴിയെ തുടര്‍ന്നാണ് ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലിസ് തീരുമാനിച്ചത്.
കടവന്ത്ര യുവജന സമാജം റോഡിലെ ബ്യൂട്ടിപാര്‍ലര്‍ നെയില്‍ ആര്‍ട്ടിസ്ട്രി സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം വീണ്ടും ഭീഷണി സന്ദേശം എത്തിയതെന്ന് ലീന പൊലിസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഇത്തരം ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ട്. രവി പൂജാരി എന്നു പറഞ്ഞ് വിദേശത്തുനിന്നു വിളിക്കുന്നയാള്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. 25 കോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിനു പിന്നില്‍ ആരാണെന്നു തനിക്കറിയില്ല. അക്രമം നടത്തിയവരെ കുറിച്ചും അറിയില്ലെന്നു മൊഴിയില്‍ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടി പൊലിസിനെ സമീപിച്ചു. ഇവര്‍ കൊച്ചിയില്‍ തങ്ങുന്ന കാലയളവില്‍ സംരക്ഷണം നല്‍കാന്‍ ആവശ്യമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി പൊലിസ് അറിയിച്ചു. ലീനയുടെ മൊഴി പരിശോധിച്ചു വരികയാണെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ ഡോ. ഹിമേന്ദ്രനാഥ് അറിയിച്ചു. കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെങ്കില്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. ലീനയുടെയും ബിസിനസ് പങ്കാളിയും സുഹൃത്തുമായ സുകേഷ് ചന്ദ്രശേഖരന്റെയും കൊച്ചിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഇടപാടുകളാണ് ഭീഷണിക്കും വെടിവയ്പിലും കലാശിച്ചതെന്നാണ് സൂചന. അതേസമയം വെടിവച്ചവരെ കണ്ടെത്താന്‍ ശാസ്ത്രീയ മാര്‍ഗവും പൊലിസ് തേടുന്നുണ്ട്. അക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു പൂര്‍ണമായി ദേഹം മറച്ചാണ് ഇവര്‍ വന്നത്.
എറണാകുളം ജില്ലയില്‍ തന്നെയുള്ള അധോലോക ബന്ധമുള്ളവരാണ് വെടിവയ്പ് നടത്തിയതെന്നാണ് പൊലിസിന്റെ അനുമാനം.
അതേസമയം നടി പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പനമ്പിള്ളി നഗറിലുള്ള തന്റെ സ്ഥാപനത്തിനുനേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി. പൊലിസിന് ഇതുസംബന്ധിച്ച അപേക്ഷ നല്‍കിയെങ്കിലും അന്വേഷണം നടക്കുന്ന സാഹചര്യം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."