പുല്ലൂര്‍ പൊതുമ്പുച്ചിറ പാടശേഖരത്തിന് ഒരുപതിറ്റാണ്ടിന് ശേഷം പുനര്‍ജന്മം
പുല്ലൂര്‍: പുല്ലൂര്‍ അവിട്ടത്തൂര്‍ റോഡിലുള്ള പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടശേഖരത്തിന് ഒരുപതിറ്റാണ്ട് കാലത്തിന് ശേഷം പുനര്‍ജന്മം ലഭിയ്ക്കുന്നു. പത്ത് വര്‍ഷകാലത്തോളമായി കൃഷിയിറക്കാതെ തരിശിട്ടിരുന്ന പാടശേഖരത്തില്‍ ഈ കഴിഞ്ഞ കടുത്ത വേനലില്‍ രണ്ട് വന്‍തീപിടുത്തങ്ങള്‍ ഉണ്ടാവുകയും ജനങ്ങള്‍ ഭീതിയിലാവുകയും ചെയ്തിരുന്നു. മണ്ണിന്റെ ജലാംശവും ഊര്‍വരതയും നഷ്ടപെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈകുറി കര്‍ഷകര്‍ വിത്തിറക്കി നൂറ് മേനി വിളവ് കൊയ്യാന്‍ ലക്ഷ്യമിടുന്നത്. ഗ്രീന്‍പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടശേഖര സമിതിയുടെയും നേതൃത്വത്തിലാണ് പാടത്ത് കൃഷയിറക്കുന്നത്. 275 പറ നിലത്ത് ജയ, ജ്യോതി നെല്‍വിത്തിനങ്ങളാണ് കൃഷിചെയ്യുന്നത്. പാടം ഉഴുത് മറിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി വരമ്പ് പിടിപ്പിക്കുകയും വിത്ത് പാവുകയും ചെയ്ത് കഴിഞ്ഞു. പുല്ലൂരിനെ ഭക്ഷ്യ സ്വയംപര്യാപ്തയിലേയ്ക്ക് നയിക്കുന്നതിനുള്ള പാടശേഖരസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കാന്‍ പ്രസിഡന്റായി കെ.വി ഗോപാലകൃഷ്ണന്‍, സെക്രട്ടറി ജോയി പി.ഐ, ഖജാന്‍ജി ജോണ്‍സണ്‍ പി.ടി, രക്ഷാധികാരിയായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും അടങ്ങുന്ന ഒന്‍പതംഗ പാടശേഖരസമിതിയാണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."