യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകാതെ റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് കാര്‍
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രിക് കാറുണ്ടെങ്കിലും ഉപയോഗം അകലെയാണ്. ട്രെയിനിറങ്ങുന്ന മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം പ്ലാറ്റ്ഫോമില്‍ റെഡിയാണ്. പക്ഷേ ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്നില്ലെന്നതാണ് സത്യം.
ദീര്‍ഘദൂര യാത്ര കഴിഞ്ഞ് പ്ലാറ്റ്ഫോമില്‍ ട്രെയിനിറങ്ങി രോഗികളും വൃദ്ധരും ഭിന്നശേഷിക്കാരുമെല്ലാം പ്രധാന കവാടത്തിലേക്ക് പ്രയാസപ്പെട്ട് നടന്നുവരേണ്ട അവസ്ഥയാണ്. ഒന്നാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ കവാടത്തിനു മുന്നില്‍ സ്ഥിരമായി നിര്‍ത്തിയിട്ടിരിക്കുകയാണിപ്പോള്‍ ഇലക്ട്രിക് കാര്‍.
സാധാരണ ഗതിയില്‍ ട്രെയിനിന്റെ മുന്‍ഭാഗത്തോ പിന്‍ഭാഗത്തോ ആണ് സഹായം ആവശ്യമുള്ള യാത്രക്കാരുണ്ടാവുക.
എന്നാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് കയറാവുന്ന വാഹനം സ്ഥിരമായി ഒരേ സ്ഥലത്തു നിര്‍ത്തിയിടുന്നതിനാല്‍ ഇത്തരം സൗകര്യം ഉപയോഗപ്പെടുത്താനാകാതെ പ്രയാസപ്പെടുകയാണ് അവശരായ യാത്രക്കാര്‍. നേരത്തെ ട്രെയിനുകള്‍ പ്ലാറ്റ്ഫോമിലെത്തുന്ന സമയത്ത് ഇലക്ട്രിക് കാര്‍ ട്രെയിനിന്റെ മുന്പിലെ കമ്പാര്ട്ട്മെന്റിനടുത്ത് പാര്‍ക്ക് ചെയ്ത് പ്രയാസമുള്ളവരെ എടുത്തിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല റെയില്‍വേ സ്റ്റേഷനുകളിലൊന്നാവാനാണ് കോഴിക്കോടിന്റെ ശ്രമം. എന്നാല്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്രദമാക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."