പ്രാര്‍ഥനകള്‍ വിഫലം; സന മരണത്തിനു കീഴടങ്ങിയത് വിശ്വസിക്കാനാകാതെ നാട്ടുകാര്‍
രാജപുരം: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായ സന ഫാത്തിമയെ തിരിച്ചു കിട്ടേണമേ എന്ന നാട്ടുകാരുടെ ഉള്ളുരുകിയ പ്രാര്‍ഥനകള്‍ വിഫലമായി. സനാ ഫാത്തിമയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്ക്കാകുന്നില്ല. മൃതദേഹം കണ്ടെത്തിയ വാര്‍ത്ത വിതുമ്പലോടെയാണു നാട്ടുകാര്‍ കേട്ടത്. ഒരാഴ്ചയായി ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനയും പ്രയത്നവും സന ഫാത്തിമക്കു വേണ്ടിയായിരുന്നു. തീരദേശ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഇന്നലെ ഉച്ചയ്ക്കാണു പവിത്രംകയം ഭാഗത്തു സനയുടെ മൃതദേഹം കണ്ടത്. പുഴയിലേക്കു താഴ്ന്നു കിടന്ന മരക്കൊമ്പില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം.
സനയെ കണ്ടെത്താന്‍ കൈമെയ് മറന്ന് ഒരാഴ്ചയായി പൊലിസ് , ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടരുകയായിരുന്നു. അതിനിടെ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയിരുന്നു.
തീരദേശസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നീന്തല്‍താരം എം.ടി.പി സൈഫുദ്ധീന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നാലു ദിവസം തിരച്ചില്‍ നടത്തിയതോടെയാണ് അന്വേഷണത്തിനു പുരോഗതി ഉണ്ടായത്.
പി. കരുണാകരന് എം.പി, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ തുടങ്ങിയവര്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ നിരീക്ഷിച്ചു. സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതോടെ പവിത്രംകയത്തേക്കു ജനപ്രവാഹമായിരുന്നു. പൊലിസ്, റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിയവരില്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."