തെരഞ്ഞെടുപ്പ് ഫലം പറയുന്നത്
ഗിരീഷ് കെ. നായര്‍#
[email protected]
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു 'ജയപരാജയങ്ങള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.'
വലിയ ജ്ഞാനിയായിട്ടു പറഞ്ഞതാണെന്നു കരുതരുത്. അഞ്ചില്‍ മൂന്നിടങ്ങളില്‍ ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് അതു കൈമോശം വന്നപ്പോള്‍, അതും കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് മുറവിളി കൂട്ടി അധികാരത്തിലെത്തിയ പാര്‍ട്ടിക്ക് അതേ പാര്‍ട്ടിയില്‍ നിന്ന് ആഘാതമേല്‍ക്കുമ്പോള്‍ എല്ലാം വിധിയെന്നു പറയാനല്ലേ കഴിയൂ.
ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ദിശാസൂചകമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിലയിരുത്തുന്ന കാഴ്ചപ്പാടുകള്‍ക്ക് അപ്പുറത്തെ ഒരു വിധിയായി വേണം ഇതിനെ കാണേണ്ടത്. ഇതു കേവലം ബി.ജെ.പിയുടെ തോല്‍വിയെന്നും കോണ്‍ഗ്രസിന്റെ ജയമെന്നും പറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കരുത്. ഈ ഫലം പറയുന്നത് മറ്റു ചിലതൊക്കെയാണ്. ശബ്ദമില്ലാത്തവന്‍ ജനാധിപത്യത്തിലൂടെ അടക്കിഭരിക്കുന്നവനു നല്‍കുന്ന മറുപടിയാണ് അതില്‍ പ്രധാനം. അന്നത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവസന്ധാരണത്തിനും കേഴുന്ന ജനത പൊരുതി നേടിയ നേട്ടമായിവേണം ഇതിനെ കാണാന്‍. മൂന്നു സംസ്ഥാനങ്ങളിലും ഗ്രാമീണ- കാര്‍ഷിക മേഖലകളില്‍ ബി.ജെ.പിക്കു കനത്ത സീറ്റ് നഷ്ടമുണ്ടായപ്പോള്‍ ഒപ്പം നില്‍ക്കുമെന്ന് കരുതപ്പെട്ട നഗര മേഖലകളും പാര്‍ട്ടിയെ കൈവിട്ടു. ഉദ്യോഗാര്‍ഥികളും കര്‍ഷകരും നിര്‍ണയിച്ച ഫലങ്ങളെന്നു വിലയിരുത്തുന്നതാവും കൂടുതല്‍ ശരി.
രാഹുലിന്റെ രാഷ്ട്രതന്ത്രം
കോണ്‍ഗ്രസിന്റെ വിജയം നേതൃത്വത്തിന്റെ വിജയം തന്നെയാണ്. രണ്ടാം വരവില്‍ രാഹുല്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. മോദി പറഞ്ഞതുപോലെ വിജയവും തോല്‍വിയും ഇഴചേര്‍ന്നു പോകുന്നുവെന്ന് രാഹുലും മനസിലാക്കുന്നു. തോല്‍വിയില്‍ തളര്‍ന്നു രാജ്യം വിടുന്ന രാഹുല്‍ വിജയം ജനങ്ങള്‍ക്കൊപ്പം പങ്കിടുമെന്നു കരുതാം.
എങ്കിലും പരാജയപ്പെടുമായിരുന്ന ഒരു തന്ത്രത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു രാഹുല്‍. കാരണം തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടേക്കാവുന്ന കമല്‍നാഥിനെ രാഷ്ട്രീയ ഇന്ത്യ കണ്ടിരുന്നു. കോണ്‍ഗ്രസില്‍ ശക്തനായ കമല്‍നാഥിനെ ആ പാര്‍ട്ടി വേണ്ടവിധത്തില്‍ കരുതാതിരുന്നപ്പോള്‍ മനസു മരവിച്ചുപോയിരുന്നു ആ മനുഷ്യന്. ജ്യോതിരാദിത്യ സിന്ധ്യയെന്ന കൂട്ടുകാരനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ രാഹുല്‍ ആത്മഹത്യാപരമായ നിലപാട് ആവര്‍ത്തിക്കുന്നതായി തോന്നി. എന്നാല്‍ പതം വന്ന രാഷ്ട്രീയക്കാരനെപ്പോലെ ആ നിലപാടില്‍ നിന്നു മനംമാറ്റം വന്നപ്പോള്‍ കമല്‍നാഥ് കൂടുതല്‍ ശക്തമായ സാന്നിധ്യമറിയിച്ചു; പാര്‍ട്ടിയെ വിജയവഴിയിലെത്തിച്ചു.
രാജസ്ഥാനില്‍ കളിക്കൂട്ടുകാരനായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി വാഴിക്കണമെന്നായിരുന്നു രാഹുലിന്റെ മോഹം. ഫലപ്രഖ്യാപനത്തിനു മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി മുന്നേറാനുള്ള നീക്കം ഇരുത്തം വന്ന മുതിര്‍ന്നവര്‍ തടഞ്ഞു എന്നുവേണം അനുമാനിക്കാന്‍. ഇപ്പോഴില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ല മുഖ്യമന്ത്രി പദത്തില്‍ എന്നറിയാവുന്ന അശോക് ഗെലോട്ടിനെ വിശ്വാസത്തിലെടുക്കാന്‍ തയാറായതോടെ രാജസ്ഥാനും കൈപ്പിടിയിലൊതുങ്ങി.
പഞ്ചാബ് നല്‍കിയ പാഠമായിരുന്നു ഇത്. കാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്ന ഒറ്റയാള്‍ പോരാളിയാണ് അവിടെ കോണ്‍ഗ്രസിനെ വിജയപഥത്തിലെത്തിച്ചതെന്നു വിസ്മരിച്ചുകൂടാ. രാഹുലിന്റെ നിലപാടുകള്‍ ഖണ്ഡിച്ച അമരിന്ദര്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും വിജയം താലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന് കൈമാറിയപ്പോള്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നതായി രാഹുലിനും മനസിലായി. രാഹുലിന് ജനമനസില്‍ സ്ഥാനം ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ഫലങ്ങള്‍. അദ്ദേഹം പങ്കെടുത്ത റാലികള്‍ നടന്ന മേഖലകളില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.
ചിറകൊടിഞ്ഞ് മോദി
തോല്‍ക്കുന്നതിന് തൊട്ടുമുന്‍പുവരെ ജയപ്രതീക്ഷ. അതായിരുന്നു മോദിയും ബി.ജെ.പിയും വച്ചു പുലര്‍ത്തിയിരുന്നത്. മൂന്നുവട്ടം ഭരണം നല്‍കിയിട്ടും ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ ജനത്തെ പര്യപ്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്തു വികസനമെന്ന് ചോദിക്കാതെ ചോദിക്കുകയായിരുന്നില്ലേ ജനങ്ങള്‍. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ കൊള്ളരുതായ്കകള്‍ കേന്ദ്ര പിന്തുണയോടെയായിരുന്നില്ലേ. എന്തുചെയ്താലും ഹിന്ദി രാഷ്ട്രഭൂമി ഒപ്പം നില്‍ക്കുമെന്ന ആ ധാര്‍ഷ്ട്യമുണ്ടല്ലോ, അതിനേറ്റ തിരിച്ചടി തന്നെയാണ് കണ്ടത്. ചൗഹാന്റെ തെരഞ്ഞെടുപ്പ് വാഹനത്തെ തടഞ്ഞ സംഭവം മധ്യപ്രദേശിലും വിജയരാജെ സിന്ധ്യയുടെ വാഹനജാഥയ്ക്ക് ഒരു ജില്ലയില്‍ എതിര്‍പ്പുകാരണം പ്രവേശിക്കാനാകാതിരുന്നതും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്നുതന്നെ ഇവിടങ്ങളില്‍ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. കര്‍ഷകന്റെ കണ്ണീരും അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവന്റെ വിമ്മിട്ടവും പട്ടിണിക്കാരന്റെ മാംസമില്ലാത്ത ശരീരവും വിലപറഞ്ഞ വിധിയായിരുന്നു ഇവിടങ്ങളില്‍.
കര്‍ണാടകയില്‍ തോറ്റപ്പോള്‍ അത് ജെ.ഡി.യു-കോണ്‍ഗ്രസ് സഖ്യമാണെന്നു ന്യായം പറഞ്ഞു. പഞ്ചാബില്‍ തോറ്റപ്പോള്‍ അത് സഖ്യകക്ഷിയുടെ കഴിവുകേടാണെന്നു പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും തോറ്റതിന് എന്തു കാരണം പറയും? കാരണം ജനങ്ങള്‍ പറഞ്ഞുതന്നിരിക്കുന്നു. കെടുകാര്യസ്ഥതയും അടിച്ചമര്‍ത്തല്‍ മനോഭാവവും ജനവിരുദ്ധ നടപടികളും വച്ചുപൊറുപ്പിക്കില്ല.
നേട്ടം കോണ്‍ഗ്രസിന്
ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷത്തിന് ഏതു പാര്‍ട്ടി ഇനി നേതൃത്വം നല്‍കുമെന്നു സംശയമുയര്‍ന്ന ഒരു സാഹചര്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് നിലയില്ലാക്കയത്തിലേക്ക് പതിക്കുന്നത് കണ്ടതോടെയാണ് ഈ ചോദ്യമുയര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന് ഉത്തരം നല്‍കി. കോണ്‍ഗ്രസ് എന്നത് ഒരു പാര്‍ട്ടിയല്ല. ഒരു വികാരമായാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്. ബി.ജെ.പിയെ മൂന്നു സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടി കെട്ടുകെട്ടിച്ചത് ഈ വികാരമാണെന്നു വ്യക്തം.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുമ്പോള്‍ ശക്തമായ സാന്നിധ്യമാകാന്‍ പോകുന്ന കോണ്‍ഗ്രസിനെ ബി.ജെ.പി ഭയപ്പെട്ടേ മതിയാവൂ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യം വാപോയ കോടാലിക്കു സമമായി. എന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യം, അരപ്പട്ടിണിക്കാരന്റെ അപ്പക്കഷണത്തിനായുള്ള മുദ്രാവാക്യം അണികള്‍ക്കപ്പുറം വികാരമായി കത്തിപ്പടര്‍ന്നാല്‍ മോദിക്ക് കസേര കൈവിടേണ്ടിവരും.
പാതി മനസോടെയാണെങ്കിലും കോണ്‍ഗ്രസിന്റെ പ്രൗഢിയില്‍ സംശയമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളെല്ലാം തന്നെ പുനര്‍ചിന്തനത്തിന്റെ വഴിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവിക നേതൃത്വത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ പറഞ്ഞതുപോലെ അണികളോ പ്രവര്‍ത്തകരോ അല്ല, കര്‍ഷകരും വിദ്യാര്‍ഥികളും തൊഴില്‍രഹിതരും ചേര്‍ന്നു നല്‍കിയ അസൂയാവഹമായ വിജയമാണത്.
ലോക്‌സഭയില്‍ ഇപ്പോഴത്തെ ഫലത്തിനു വിപരീതമായി അഥവാ ബി.ജെ.പി വന്നാല്‍പ്പോലും രാജ്യസഭയില്‍ കോണ്‍ഗ്രസ് ആധിപത്യം തുടര്‍ന്നേക്കുമെന്നതിന്റെ സൂചനകൂടി ഈ ഫലത്തില്‍ നിന്നു വായിച്ചെടുക്കാം. ഹിന്ദി ബെല്‍റ്റില്‍ ഉയര്‍ന്നുപൊങ്ങിയ കാവി പ്രഭാവത്തിന് ഇടിവുതട്ടുന്നതും ഈ ഫലത്തില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."