പക്ഷാഘാതം: ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്
അമ്പലപ്പുഴ: ജീവിതശൈലി മൂലം പക്ഷാഘാത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്. പെട്ടെന്ന് ചികിത്സ ലഭിക്കാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാലും രോഗി പക്ഷാഘാതത്തിന് അടിമയാകുന്ന അവസ്ഥയാണിപ്പോള്‍.
കൈകാലുകള്‍ക്ക് പെട്ടെന്നുണ്ടാകുന്ന സ്വാധീനക്കുറവ്, സംസാരശേഷി നഷ്ടപ്പെടുക, കാഴ്ചക്കുറവ്, ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക, ബോധക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ നാലു മണിക്കൂറിനുള്ളില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയാല്‍ രോഗിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയും. ഈ ലക്ഷണങ്ങള്‍ പ്രകടമാക്കിയാല്‍ 9747778258 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിര ചികിത്സക്കുള്ള സംവിധാനം ഒരുക്കും. ഇതിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ: സി.വി.ഷാജി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ ചികിത്സ മെഡിക്കല്‍ കോളേജാശുപത്രിയില്‍ തികച്ചും സൗജന്യമാണ്. ജീവിത ശൈലിയിലുണ്ടായ മാറ്റം മൂലം പക്ഷാഘാത രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ മാത്രം ഈ വര്‍ഷം പതിനായിരത്തില്‍പ്പരം പേരാണ് ഈ രോഗത്തിന് ചികിത്സ തേടിയെത്തിയത്. ഇതില്‍ ശരിയായ രീതിയില്‍ ചികിത്സ ലഭിച്ചതു മൂലം 150 ഓളം പേര്‍ മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഇത് കണക്കിലെടുത്താണ് ആശുപത്രിയില്‍ പക്ഷാഘാത പരിശീലന പരിപാടി സംഘടിപ്പിച്ചത്. പക്ഷാഘാത ചികിത്സയുടെ എന്‍.ജി.ഒ സംഘടനയായ ഏന്‍ജന്‍സിന്റെ സഹകരണത്തോടെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഇത്തരത്തിലുള്ള ബോധവല്‍ക്കരണം പൊതുജനങ്ങള്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ആറു മാസത്തിനുള്ളില്‍ പക്ഷാഘാത ചികിത്സക്കായി മൊബൈല്‍ യൂണിറ്റും ആരംഭിക്കും. ഇതിനായി കെ.സി.വേണുഗോപാല്‍ എം.പി. ആംബുലന്‍സ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഡോക്ടറും പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സും അടങ്ങുന്നതായിരിക്കും മൊബൈല്‍ യൂനിറ്റ്. ഇന്നലെ നടന്ന പരിശീലന പരിപാടി പ്രിന്‍സിപ്പാള്‍ ഡോ: എം.പുഷ്പലത ഉദ്ഘാടനം ചെയ്തു. ഡോ: ആര്‍.വി.രാംലാല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."