മാവോവാദി നേതാവ് കന്യാകുമാരിയെ കേരളത്തിലെത്തിച്ചു
കാളികാവ്: കര്‍ണാടകയില്‍ കീഴടങ്ങിയ മാവോവാദി നേതാവ് കന്യാകുമാരിയെ അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തിച്ചു. കന്യാകുമാരി ഉള്‍പ്പെടെ മൂന്നുപേരാണ് കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍ കീഴടങ്ങിയത്.
വീടും അഞ്ചുലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് മൂവരും കീഴടങ്ങിയത്. കീഴടങ്ങിയെങ്കിലും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടി തുടരാന്‍ സംസ്ഥാന പൊലിസ് തീരുമാനിക്കുകയായിരുന്നു.
കന്യാകുമാരിയോടൊപ്പം കീഴടങ്ങിയ രാജേഷ്, ചിന്നമ്മ എന്നിവരെ കേസില്ലാത്തതിനാല്‍ നേരത്തേ വിട്ടയച്ചിരുന്നു. കര്‍ണാടകയിലെ ജയിലില്‍ കഴിഞ്ഞിരുന്ന കന്യാകുമാരിയെ ബുധനാഴ്ചയാണ് കേരള പൊലിസ് ഏറ്റുവാങ്ങിയത്. എതിര്‍ചേരിയുടെ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വഴിക്കടവ്, എടക്കര പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കന്യാകുമാരിയെ കേരളത്തിലെത്തിച്ചത്. അതിനിടെ, മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ കന്യാകുമാരിയെ ഒരു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. എടക്കര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി പരിഗണിച്ചത്. കന്യാകുമാരിയോടൊപ്പം കൈക്കുഞ്ഞുമുണ്ട്.
കുട്ടിക്ക് സുഖമില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കന്യാകുമാരിയെയും കുട്ടിയെയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."