തച്ചങ്കരി എസ്റ്റേറ്റിലെ വൈദ്യുതി വേലിക്ക് സമീപം കാട്ടാന ചരിഞ്ഞു ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം
തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞു. എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള തച്ചങ്കരി എസ്റ്റേറ്റിന്റെ കവാടത്തിന് സമീപമാണ് ജഡം കണ്ടത്. ഇന്നലെ രാവിലെ ഇവിടെയെത്തിയ തൊഴിലാളികളാണ് ജഡം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സോളാര്‍വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. 11 വയസ് തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യവനപാലകന്‍ ഉത്തരവിട്ടു. തച്ചങ്കരി എസ്റ്റേറ്റില്‍ സോളാര്‍ വേലികള്‍ (ഫെന്‍സിങ്) സ്ഥാപിച്ചിട്ടുണ്ട്. നേരിയ ഇടവേളകളില്‍ വൈദ്യുതി കടത്തിവിട്ടാണ് ഇവിടെ വന്യമൃഗങ്ങളെ പ്രതിരോധിക്കാറുള്ളത്. ഷോക്കേറ്റ് ജീവന്‍ അപകടത്തില്‍പ്പെടാതിരിക്കാനാണ് ഇടവേളകളിട്ട് വൈദ്യുതി കടത്തിവിടുന്നത്. എന്നാല്‍, സോളാര്‍ വൈദ്യുതി ലഭിക്കാത്ത സമയത്ത് വൈദ്യുതി കടത്തിവിടാറുണ്ടെന്ന് ആക്ഷേപമുണ്ട്.
ഈ സമയത്താണോ ആനക്ക് ഷോക്കേറ്റതെന്നാണ് അന്വേഷിക്കുന്നത്. ആനത്താരയിലാണ് ഇവിടെ വൈദ്യുതിവേലി സ്ഥാപിച്ചിരിക്കുന്നതെന്ന ആരോപണം ആദിവാസികള്‍ ഉന്നയിക്കുന്നുണ്ട്.
ഒരുമാസത്തിനുള്ളില്‍ മൂന്നാര്‍ മേഖലയില്‍ മൂന്ന് കാട്ടാനകളാണ് ചരിഞ്ഞത്. ജനവാസ മേഖലയില്‍ ആനയിറങ്ങുന്നത് വര്‍ധിച്ചതോടെ അവയ്ക്കുനേരെ ആക്രമണങ്ങളും പതിവാണ്. കഴിഞ്ഞ മാസം മൂന്നാര്‍ ചെണ്ടുവര ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരുക്കേറ്റ ആന ചരിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."