ജില്ലയില്‍ ദുരൂഹ മരണങ്ങള്‍ വര്‍ധിക്കുന്നു; ജനം ഭീതിയില്‍
കാസര്‍കോട്: രണ്ടു വര്‍ഷത്തിനിടെ ജില്ലയിലുണ്ടായതു പത്തോളം ദുരൂഹ മരണങ്ങള്‍. ദുരൂഹ മരണങ്ങള്‍ വര്‍ധിച്ചു വരുന്നതോടെ ജനം ഭീതിയിലാണ്. ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച രണ്ടു സ്ത്രീകളുടെ മരണം കൊലപാതകമെന്നു പിന്നീടു കണ്ടെത്തുകയും ഇതിലെ പ്രതികളെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകിയമ്മയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെ ഇവരുടെ മരണം കൊലപാതകമാണെന്ന് പൊലിസ് ഉറപ്പിക്കുകയായിരുന്നു.
ഇവരുടെ കൊലപാതകത്തിനു ഒരു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ പ്രദേശത്തിനടുത്തെ വീട്ടമ്മയെ അവരുടെ വീട്ടില്‍ ദുരൂഹ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഈ വീട്ടമ്മയുടെ വീട്ടു പറമ്പില്‍ തേങ്ങ പറിക്കാനെത്തിയ ആളാണ് കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തുകയും ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
അതിനു മുമ്പ് നടന്ന മടിക്കൈ സ്വദേശി ജിഷയുടെ ഘാതകന്‍ ഇവരുടെ വീട്ടിലെ ജോലിക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു. ദേവകിയമ്മയുടെ കൊലപാതക കേസന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് നടത്തുന്നത്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചെര്‍ക്കള കവലക്കു സമീപം ദേശീയ പാതയോരത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം അജ്ഞാത ജഡമെന്ന പ്രചാരണം ഉണ്ടായെങ്കിലും മണിക്കൂറുകള്‍ക്കകം പൊലിസ് മരിച്ചയാളെ തിരിച്ചറിഞ്ഞു.
കര്‍ണാടക സ്വദേശിയായ രംഗപ്പയാണു മരിച്ചതെന്നു കണ്ടെത്തുകയും ഇയാളുടെ നെറ്റിയില്‍ അടിയേറ്റ പാടുകള്‍ കണ്ടതും കാരണം ഈ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് ഇന്നലെ രാവിലെ എട്ടരയോടെ മായിപ്പാടി ഷിറിബാഗിലുവിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജയെ സ്വന്തം വീടിനു സമീപത്തെ വിറകുപുരയില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിറകു പുരയില്‍ നിന്നു തീയും പുകയും ഉയരുന്നതു കണ്ട അയല്‍വാസികള്‍ ഓടിയെത്തി നോക്കിയപ്പോഴാണ് ഖദീജയെ വിറകുപുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പറയുന്നു.
ഇതോടെ അടിക്കടി ജില്ലയിലുണ്ടാകുന്ന ദുരൂഹ മരണങ്ങള്‍ ജനങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീകളില്‍ ഭീതിയുളവാക്കുന്നുണ്ട്.
ഖദീജയുടെ മരണത്തിലും ദുരൂഹത ഉയര്‍ന്നതോടെ പൊലിസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."