മഞ്ഞ് പെയ്യും മഞ്ഞൂര്‍
#ശിഹാബ് പെരുവള്ളൂര്‍
ബൈക്കില്‍ കൂട്ടുകാര്‍ക്കൊപ്പം തിരക്കില്ലാത്തിടം നോക്കി ചുറ്റിക്കറങ്ങി നാട്ടുകാഴ്ചകള്‍ കണ്ടൊരു യാത്ര. അതും ഏറെനാളായി കൊതിക്കുന്ന മഞ്ഞൂരിലേക്ക്. യാത്രകള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഒരുപാടു ബുദ്ധിമുട്ടുകളുണ്ടായിട്ടും ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. ദക്ഷിണേന്ത്യയുടെ കശ്മിര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഊട്ടിക്കും അപ്പുറമുള്ള മഞ്ഞുപെയ്യുന്ന ഊരിലേക്ക്.
ചന്ദനമരങ്ങള്‍ക്കൊണ്ടു നിബിഢമായി വളര്‍ന്നുനിന്നിരുന്ന അട്ടപ്പാടിയിലെ മുള്ളിയും കടന്ന് ഏകദേശം രണ്ടു മൂന്നു മണിക്കൂര്‍ യാത്ര ചെയ്ത് ഉയരങ്ങള്‍ കീഴടക്കി വേണം മഞ്ഞൂരിലെത്താന്‍. സമയം 12 കഴിഞ്ഞു. ഒന്‍പത് ബൈക്കുകളിലായി 17 പേര്‍ അട്ടപ്പാടി ചുരം കയറിത്തുടങ്ങുകയാണ്. ഇളംവെയില്‍ തെന്നിനീങ്ങി കുളിര്‍തെന്നല്‍ കൈകളിലൂടെ നെഞ്ചകം കീഴടക്കിത്തുടങ്ങിയിരിക്കുന്നു. ആദ്യമായാണ് ഇതുവഴി ബൈക്കിലൊരു യാത്ര.
ഹെയര്‍പിന്‍ വളവുകള്‍ ഓരോന്നായി പിന്നിട്ട് ഉച്ചഭക്ഷണത്തിനായി റൈഡേഴ്‌സ് ബാംബു ഹോട്ടലിനു മുന്നില്‍ ബ്രേക്കിട്ടു. നല്ല ഒന്നാന്തരം ഊണും നാടന്‍ശൈലിയില്‍ പാചകം ചെയ്ത ബീഫ് വരട്ടും മോരും ചേര്‍ത്ത് കെങ്കേമമായ ഉച്ചഭക്ഷണം. ഭക്ഷണം കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു. മുള്ളി ചെക്ക്‌പോസ്റ്റാണ് അടുത്ത ലക്ഷ്യസ്ഥാനം. യാത്ര തുടര്‍ന്ന് അല്‍പ്പം പിന്നിട്ടപ്പോള്‍ അട്ടപ്പാടിയുടെ പലതരം മുഖങ്ങള്‍ വഴിയോരങ്ങളിലൂടെ തെന്നിനീങ്ങുന്നുണ്ടായിരുന്നു. വഴിനിറയെ നെല്ലിക്കാ മരങ്ങളും ഒന്നാന്തരം പുളിമരങ്ങളും മറ്റു കൃഷിയിടങ്ങളും ധാരാളം കാണാം. റൈഡേഴ്‌സില്‍ അഞ്ച് കാമറാമാന്മാരുണ്ട്. ഒന്നിച്ചുള്ള ഫോട്ടോ എടുപ്പും കഴിഞ്ഞ് അല്‍പ്പം പിന്നിട്ടപ്പോള്‍ മുള്ളിയിലെ കേരളാ പൊലിസിന്റെ ചെക്ക്‌പോസ്റ്റിലെത്തി. എല്ലാവരും വണ്ടിയൊതുക്കിനിര്‍ത്തി രേഖകള്‍ കാണിച്ചു മുന്നോട്ടുപോവാനുള്ള അനുമതി ശരിപ്പെടുത്തി. തണുപ്പുമാറ്റാന്‍ തൊട്ടുമുന്നില്‍ കണ്ട ചായക്കടയിലേക്കു നീങ്ങി. ഒരു ചായക്കട മാത്രമാണ് ഈ ചെക്ക്‌പോസ്റ്റിനടുത്തുള്ളത്. ഇവിടെ കേരളം അവസാനിക്കുകയായി. മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട് ഇവിടെനിന്നു തുടങ്ങുന്നു.
കേരളാ ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് 30 മീറ്റര്‍ റോഡ് വളരെ മോശമാണ്. ഈ ദൂരം കഴിഞ്ഞാല്‍ പിന്നീടങ്ങോട്ടു നല്ല റോഡാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഈ വഴി ഗതാഗതം പ്രോത്സാഹിപ്പിക്കാത്തതിനാല്‍ വനം വകുപ്പുകാര്‍ അപൂര്‍വമായി മാത്രമേ ഇതുവഴി യാത്രാനുമതി നല്‍കിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ യാതൊരു തിരക്കുമില്ലാതെ വണ്ടിയോടിച്ചു പോകാം. വല്ലപ്പോഴും വാഹനങ്ങള്‍ ഒന്നോ രണ്ടോ വന്നാലായി. തീര്‍ത്തും ഏകാന്തമായ വനപാത. വളഞ്ഞുപുളഞ്ഞു കിടക്കുന്ന ചുരം.
1964ല്‍ സ്ഥാപിച്ച കനേഡിയന്‍ പദ്ധതിയായ ഗദ്ദ പവര്‍ ഹൗസും ഇതിലേക്കു വെള്ളമെത്തുന്ന കൂറ്റന്‍ പെന്‍സ്റ്റോക്കുകളും കണ്ട് വളവുകള്‍ താണ്ടി മുന്നോട്ടുപോവുന്നതിനിടയില്‍ വീണ്ടുമൊരു ചെക്ക്‌പോസ്റ്റ് വന്നെത്തി. വണ്ടിയുടെ നമ്പറും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ് അവര്‍ മുന്നോട്ടു യാത്രാനുമതി നല്‍കി. ഇനിയങ്ങോട്ട് കൊടുംകാടാണ്. മുന്നോട്ടുള്ള വഴിയില്‍ കാട്ടുപോത്തും കാട്ടാനക്കൂട്ടങ്ങളും വഴിമുടക്കുമോ എന്ന ഭീതി എല്ലാവരുടെയും മനസിലുണ്ട്. വഴിയോരങ്ങളില്‍ കണ്ട ആനപ്പിണ്ടങ്ങള്‍ ഭീതിക്ക് ആക്കംകൂട്ടി. ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയാം, യാത്രയില്‍ ഒരു കൊമ്പനും കാട്ടുപോത്തും ഞങ്ങള്‍ക്കു തടസം സൃഷ്ടിക്കാനെത്തിയില്ല.
മനോഹരമായ ഹെയര്‍പിന്‍ വളവുകളിലെ വ്യൂപോയിന്റുകളില്‍നിന്നു നോക്കുമ്പോള്‍ തന്നെ അകലെ മഞ്ഞു മൂടിക്കിടക്കുന്ന മഞ്ഞൂരിനെ കാണാം. അന്‍പതിലതികം ചെറുതും വലുതുമായ വളവുകള്‍ പിന്നിട്ടാലേ ഏതൊരു സഞ്ചാരിക്കും മഞ്ഞൂരിലെത്താനാവൂ. ഇനിയും കുറച്ചുകൂടി വളവുകള്‍ പിന്നിടാനുണ്ടായിരുന്നു ഞങ്ങള്‍ക്ക്. മഴ കോരിച്ചൊരിയുമെന്ന പ്രതീതിയും കൂടെയുണ്ടായിരുന്നു. പച്ചക്കാടുകള്‍ മഴയെ ഏറ്റുവാങ്ങാന്‍ വെമ്പല്‍കൊള്ളുന്ന പോലെയായിരുന്നു.
കോടമഞ്ഞില്‍ വഴിയോരങ്ങള്‍ മൂടിക്കിടക്കുകയാണ്. വാഹനങ്ങളുടെ പ്രകാശം മഞ്ഞില്‍ മങ്ങിപ്പടരുന്നുണ്ട്. കോടമഞ്ഞിനാല്‍ നനഞ്ഞു കുതിര്‍ന്നുനില്‍ക്കുകയാണ് റോഡുകള്‍. മഞ്ഞില്‍ നിഴല്‍രൂപങ്ങളായങ്ങനെ വഴിയോരങ്ങളിലുള്ള മരങ്ങളും ഞങ്ങളുടെ യാത്ര നോക്കിനില്‍ക്കുന്ന പോലെ.
'മഞ്ഞൂര്‍-10 കിലോമീറ്റര്‍ ദൂരം' എന്ന ബോര്‍ഡ് കണ്ടതും തണുത്ത കാറ്റ് അടിച്ചുകയറാന്‍ തുടങ്ങിയതും ഒന്നിച്ചായിരുന്നു. വളഞ്ഞുപുളഞ്ഞു കയറിപ്പോവുന്ന വളവുകള്‍ അവസാനിക്കാന്‍ തുടങ്ങുന്നതിനുമുന്‍പേ എങ്ങുനിന്നോ അറിയാതെ കയറിവരുന്ന തണുപ്പിനൊപ്പം പ്രകൃതിയുടെ കാഴ്ചകള്‍ക്കും അവിടെനിന്നങ്ങോട്ട് തുടക്കമാവുകയായിരുന്നു. കോടമഞ്ഞ് മുഖത്തുവന്ന് കുളിരണിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശരീരത്തിലെ സകലമാന അസ്ഥിയെയും തൊട്ടുണര്‍ത്തുന്ന രീതിയിലാണു തണുപ്പ് അടിച്ചുകയറി ശരീരം കീഴടക്കുന്നത്.
വിറച്ചുവിറച്ച് ആക്‌സലേറ്റര്‍ അല്‍പ്പമുയര്‍ത്തി മുന്നോട്ടുപോവുമ്പോഴാണു കണ്‍മുന്നില്‍ ഹിമാലയം പോലെ തേയിലച്ചെടികള്‍ക്കു മുകളില്‍ കോടമലകള്‍ രൂപപ്പെട്ട പോലെയുള്ള കാഴ്ച ശ്രദ്ധയില്‍പ്പെട്ടത്. ചിലയിടങ്ങളില്‍ കാറ്റുവന്നു മഞ്ഞുമലകളെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോവുന്ന പോലെ. ഉയരങ്ങളില്‍നിന്നുള്ള കാഴ്ചകള്‍ വിദൂരദിക്കിലെ പുല്‍മേടുകളിലേക്കും പൈന്‍വൃക്ഷ തോട്ടങ്ങളിലേക്കും കണ്ണുകളെ കൊണ്ടുപോവുമ്പോള്‍ കൈകാലുകള്‍ കിടന്നുവിറക്കുകയും പല്ലുകള്‍ തമ്മില്‍ കൂട്ടിയുരുമ്മുകയും ചെയ്യുന്നുണ്ടായിരുന്നു. മഞ്ഞൂരിന്റെ പേര് ശരിക്കും അന്വര്‍ഥമാക്കുന്ന തരത്തിലുള്ള മഞ്ഞിന്റെ വെളുത്ത കണികകള്‍ ഭൂമിയിലെ പുല്‍ത്തകിടിയിലും വാഹനത്തിലും തലയിലെ ഹെല്‍മെറ്റിലും വന്നുപതിക്കാന്‍ തുടങ്ങി.
പശ്ചിമഘട്ട നിരകളിലെ നീലഗിരിക്കുന്നുകളുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ ഒരിടമാണ് മഞ്ഞൂര്‍. പേരുസൂചിപ്പിക്കുന്നതു പോലെത്തന്നെ മഞ്ഞിന്റെ ഊരാണിവിടം. സമുദ്രനിരപ്പില്‍നിന്ന് നാലായിരത്തിലധികം അടി ഉയരത്തില്‍ സമൃദ്ധമായ ചായത്തോട്ടങ്ങള്‍ കൊണ്ടു മാത്രം സമ്പന്നമായ ദേശം. തണുപ്പിന്റെ കേന്ദ്രമായ ഇവിടം സഞ്ചാരികള്‍ ഈയടുത്താണ് അറിഞ്ഞുതുടങ്ങിയത്. ആയിരക്കണക്കിന് ഏക്കര്‍ വരുന്ന ചായത്തോട്ടങ്ങള്‍ അതിരു പങ്കുവയ്ക്കുന്ന ഈ പ്രദേശം സഞ്ചാരികളുടെ ഹോട്‌സ്‌പോട്ടായ ഊട്ടിക്ക് തൊട്ടടുത്താണ്.
ഏതാനും കടമുറികള്‍ മാത്രമുള്ള ഒരു ഗ്രാമീണ പട്ടണമാണ് മഞ്ഞൂര്‍. ശരിക്കുമൊരു മുക്കൂട്ട് കവല. മാര്‍ക്കറ്റും ബസ് സ്റ്റാന്‍ഡും ക്ഷേത്രവുമൊക്കെ അടങ്ങുന്ന ചെറിയയിടം. വര്‍ഷത്തില്‍ ഏറിയ സമയവും കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ഡിസംബര്‍ കാലം മഞ്ഞുപെയ്തുകൊണ്ടേയിരിക്കുമത്രെ. മലയാളിയുടെ ഇഷ്ടകേന്ദ്രങ്ങളായ മൂന്നാര്‍, ഊട്ടി, കൊടൈക്കനാല്‍, വാല്‍പ്പാറ എന്നിവിടങ്ങളിലൊന്നും ലഭിക്കാത്ത പ്രകൃതിയൊരുക്കിയ ഹൃദ്യമായൊരു അനുഭവങ്ങമാണ് മഞ്ഞൂരില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. പശ്ചിമഘട്ടനിരകളില്‍ ഇത്തരമൊരു പ്രദേശം ഉള്ളതായി പലരും അറിഞ്ഞുവരുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ ഇങ്ങോട്ടുള്ള വഴികളെല്ലാം വളരെ ശാന്തമാണ്.
മഞ്ഞൂരില്‍ ഞങ്ങള്‍ക്ക് താമസസൗകര്യത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. അത്യാവശ്യം ലോഡ്ജ് സംവിധാനങ്ങളൊക്കെ ഇപ്പോള്‍ മഞ്ഞൂരില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഞങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത ഭുവനേശ്വര്‍ ലോഡ്ജിന്റെ (രണ്ട് വിശാലമായ മുറികളടങ്ങുന്ന ലോഡ്ജ്) മുകളില്‍ കയറിനിന്നാല്‍ മഞ്ഞൂരും പരിസരപ്രദേശങ്ങളും മനോഹരമായി കാണാം. ഞങ്ങള്‍ ഒന്ന് ഫ്രഷായി മഞ്ഞൂര്‍ കവലയിലേക്കു രാത്രിസവാരിക്കിറങ്ങി. ഊട്ടിയില്‍നിന്നും മറ്റു പ്രദേശങ്ങളില്‍നിന്നും എത്തുന്ന ബസുകളില്‍നിന്നു ധാരാളം തദ്ദേശവാസികള്‍ ആ രാത്രിയിലും അവിടെ വന്നിറങ്ങുന്നുണ്ടായിരുന്നു. ചിലര്‍ ആ സമയത്തും എങ്ങോട്ടോ കയറിപ്പോകുകയും ചെയ്യുന്നുണ്ട്.
മഞ്ഞൂര്‍ കവലയില്‍ കോഴിക്കോട്ടുകാരന്‍ ഹരീഷ് അത്യാവശ്യം തരക്കേടില്ലാത്ത ഒരു ബേക്കറി നടത്തുന്നുണ്ടന്ന് കോതഗിരിയിലെ സുഹൃത്ത് മനോജ് പറഞ്ഞു നേരത്തെ അറിഞ്ഞിരുന്നു. ഒരുപാടു വര്‍ഷങ്ങളായത്രെ ഹരീഷ് ഇവിടെ കച്ചവടം തുടങ്ങിയിട്ട്. മഞ്ഞൂരിനെ കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും ഹരീഷ് വഴിയാണ് മനസിലാക്കിയത്. മഞ്ഞൂരില്‍നിന്നു രണ്ടും മൂന്നും മണിക്കൂര്‍ യാത്രചെയ്താല്‍ അപ്പര്‍ ഭവാനി, കിണ്ണക്കര, കോറകുന്ത, കീഴ്കുന്ത എന്നിവിടങ്ങളിലൊക്കെ എത്തിച്ചേരാം. ഇവിടങ്ങളിലേക്കും ഇപ്പോള്‍ മഞ്ഞൂരില്‍നിന്ന് ബസ് സര്‍വിസുണ്ട്.
എല്ലാ വിവരങ്ങളും മനസില്‍ കുറിച്ച് ഭുവനേശ്വര്‍ ലോഡ്ജിലേക്കു നടക്കുമ്പോള്‍ തണുപ്പ് വന്നുമൂടി പൊതിഞ്ഞിരുന്നു. സംഘാംഗം നിര്‍മല്‍ തയാര്‍ചെയ്ത ഭക്ഷണവും കഴിച്ച് അല്‍പ്പം മഞ്ഞൂരിന്റെ രാത്രികാഴ്ച ടെറസിലിരുന്ന് ആസ്വദിച്ചു സംസാരിച്ചിരുന്നു എല്ലാവരും. തണുപ്പില്‍നിന്നു രക്ഷനേടാന്‍ കമ്പിളി പുതപ്പിനുള്ളിലേക്കു ചുരുളുമ്പോള്‍ സമയം 11 കഴിഞ്ഞുകാണും. വെളുപ്പിന് ആറിനുതന്നെ ബൈക്കും കൊണ്ട് മഞ്ഞൂരിന്റെ എല്ലാ പരിസരങ്ങളും ചുറ്റിക്കറങ്ങാന്‍ പുറത്തിറങ്ങി. വല്ലാത്ത പ്രഭാതക്കാഴ്ചകളാണ് മഞ്ഞൂരിന്റെ ആ പുലര്‍വേള ഞങ്ങള്‍ക്കു സമ്മാനിച്ചത്. ഊട്ടിയില്‍ ലഭിക്കാത്ത തികഞ്ഞ ശാന്തതയും പട്ടണത്തിന്റെ തിരക്കില്ലായ്മയും അനുഭവിച്ചറിഞ്ഞു പ്രകൃതിയില്‍ ലയിക്കാന്‍ കൊതിക്കുന്നുവെങ്കില്‍ ഒട്ടുംവൈകരുത്. അട്ടപ്പാടി വഴി മഞ്ഞൂരിലേക്കു വന്നോളൂ... അന്നപൂര്‍ണയില്‍നിന്ന് ഇഡ്ഡലിയും സാമ്പാറും അകത്താക്കി 16 കി.മീറ്റര്‍ ദൂരമുള്ള ആവലാഞ്ചിയിലേക്ക് വാന്‍ റൈഡിനായി ഞങ്ങള്‍ ഊട്ടി റോഡ് ലക്ഷ്യമാക്കി നീങ്ങി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."