ഹുദൈദ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ യു.എന്‍ സംഘം
ഏദന്‍: ഹുദൈദയില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും വിമതരായ ഹൂതികളും തമ്മിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ നിരീക്ഷിക്കാന്‍ യു.എന്‍ സംഘം യമനിലേക്ക്.
ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ ആരംഭിച്ചെങ്കിലും ചിലയിടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണു സംഘത്തെ അയക്കുന്നത്.
ഇതിന്റെ മുന്നോടിയായി സംഘം തലവന്‍ മുന്‍ ഡച്ച് ജനറല്‍ കൂടിയായ പാട്രിക്ക് കമ്മാര്‍ട്ട് ഏദനിലെത്തി.യു.എന്‍ ആഭിമുഖ്യത്തില്‍ ഈ മാസമാദ്യം സ്വീഡനിലാണ് യമന്‍ സമാധാന ചര്‍ച്ച നടന്നത്.
യമനെ പാടെ തകര്‍ത്തുകളഞ്ഞ നാലു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അനുകൂല പ്രതിനിധികളും വിമതരും അംഗീകരിച്ചിരുന്നു.
മേഖലയില്‍നിന്ന് സൈന്യങ്ങളെ പിന്‍വലിക്കാനും തീരുമാനമായി. എന്നാല്‍, ചില ഭാഗങ്ങളില്‍ ഇതിനുശേഷവും ഇരുസേനകളും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന യു.എന്‍ രക്ഷാസമിതി കൗണ്‍സില്‍ ഒരു നിരീക്ഷകസംഘത്തെ മേഖലയില്‍ വിന്യസിക്കാന്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. വെടിനിര്‍ത്തലിന്റെ തുടക്കമെന്ന നിലയ്ക്ക് ആദ്യ 30 ദിവസമാണു സംഘം ഇവിടെയുണ്ടാകുക.
ഏദന്‍ വിമാനത്താവളത്തിലിറങ്ങിയ കമ്മാര്‍ട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍, പ്രാദേശിക വൃത്തങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് യമന്‍ തലസ്ഥാനമായ സന്‍ആയിലെത്തിയ ഹൂത്തി നേതാക്കളെയും അദ്ദേഹം കാണുമെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."