വേദനകള്‍ മറന്ന് വീണ്ടും പ്രിയയുടെ മാരത്തോണ്‍ ഗാനാലാപനം
ബി.സുനില്‍കുമാര്‍
മൂവാറ്റുപുഴ: തലച്ചോറിനെ ബാധിച്ച അസുഖത്തിന്റെ വേദനകള്‍ മറന്ന് വീണ്ടും പ്രിയയുടെ മാരത്തോണ്‍ ഗാനാലാപനം. 12 മണിക്കൂര്‍ നീളുന്ന സംഗീതാലാപനവുമായി പ്രിയ സുമേഷ് എന്ന ഗായിക തെരുവിലിറങ്ങിയത് പാവപ്പെട്ട രോഗികള്‍ക്ക് ഒരു കൈത്താങ്ങായാണ്.
ആലങ്ങാട് കരിങ്ങാംതുരുത്ത് കരിവേലില്‍ രതീഷിന്റെയും മായയുടെയും മകന് രക്താര്‍ബുദം ബാധിച്ച ആറ് വയസുകാരന് വസുദേവ് എന്ന കുട്ടിയുടെ ചികിത്സാ സഹായത്തിനായാണ് ശനിയാഴ്ച രാവിലെ 10ന് പ്രിയ മൂവാറ്റുപുഴയില്‍ തന്റെ സംഗീതപരിപാടി ആരംഭിച്ചത്. മജ്ജ മാറ്റിവയ്ക്കുന്നതിനും തുടര്‍ചികിത്സകള്‍ക്കുമായി 35 ലക്ഷം രൂപയാണ് വസുദേവിന്റെ ചികിത്സയ്ക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ചികിത്സയ്ക്കായി പണമില്ലാതെ വിഷമിക്കുന്ന പതിനഞ്ചോളം പേര്‍ക്ക് കാരുണ്യസ്പര്‍ശവുമായി പ്രിയ ഇതിനോടകം എത്തിക്കഴിഞ്ഞു. പൊരിവെയിലും കനത്ത മഴയും വകവയ്ക്കാതെ ഇതിനു മുമ്പും പ്രിയ നീണ്ട 12 മണിക്കൂര്‍ തെരുവില്‍ പാടിയിരുന്നു.
തലച്ചോറിനെ ബാധിച്ച പിറ്റിയൂട്ടറി അഡിനോമാ എന്ന അസുഖത്തെ തുടര്‍ന്ന് താന്‍ അനുഭവിച്ച വേദനകളാണ് പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കൂടിയുള്ളതാവണം ജീവിതം എന്ന തീരുമാനത്തില്‍ തന്നെ എത്തിച്ചതെന്ന് പ്രിയ പറയുന്നു. ഒപ്പം കാന്‍സര്‍ ബാധിതയായി മരിച്ച സഹോദരിയുടെ ഓര്‍മകളും. ബസ് സ്റ്റോപ്പുകളില്‍ ഒരു കുടയുടെ തണല്‍ പോലുമില്ലാതെ പാടുന്ന പെണ്‍കുട്ടിയുടെ ചിത്രം ആരോ സോഷ്യല്‍ മീഡിയയില്‍ ഇടുകയും അത് വൈറലാകുകയും ചെയ്തതോടെയാണ് പ്രിയ സുമേഷ് എന്ന കലാകാരിയുടെ നല്ല മനസ് പുറംലോകം അറിഞ്ഞുതുടങ്ങിയത്. കോഴിക്കോട് സ്വദേശിനിയായ പ്രിയ വിവാഹത്തിനുശേഷം ഭര്‍ത്താവ് സുമേഷിനൊപ്പം ഇപ്പോള്‍ എറണാകുളം എളമക്കരയിലാണ് താമസം.
രണ്ടര വര്‍ഷം ആയി പ്രിയ തെരുവില്‍ പാടി തുടങ്ങിയിട്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി പാട്ടുപാടുന്ന ഗായകസംഘങ്ങളോട് താനും ഒരു പാട്ട് പാടിക്കോട്ടെ എന്നു ചോദിച്ച്കൊണ്ടായിരുന്നു പ്രിയയുടെ തുടക്കം. പിന്നീട് സുമേഷുമായി ആലോചിച്ച് ഒരു ടീമുണ്ടാക്കി പ്രിയ നേരിട്ട് തെരുവിലിറങ്ങുകയായിരുന്നു.
സാന്ദ്ര അക്കാദമിയുടെ സംഗീത കാരുണ്യരത്ന പുരസ്കാരവും ശ്രീവരാഹം മഹാഗണപതി ക്ഷേത്രത്തിന്റെ പേരിലുള്ള ആദ്യ പുരസ്കാരവും കലാകൈരളിപുരസ്കാരവും ലഭിച്ചിരുന്നു. കൂടാതെ വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ പക്കല്‍ നിന്നും പ്രിയയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."