ഇരിപ്പിടങ്ങള്‍ എടുത്തുമാറ്റി: ഇരിക്കാനിടമില്ലാതെ യാത്രക്കാര്‍
ഗുരുവായൂര്‍: ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങള്‍ നഗരസഭ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് വിശ്രമിക്കാനാവാതെ യാത്രക്കാര്‍ വലയുന്നു.
പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്നതിനായാണ് പഴയ കസേരകള്‍ ആഴ്ചകള്‍ക്കു മുന്‍പ് നഗരസഭ എടുത്തു മാറ്റിയത്. എന്നാല്‍ നാളുകളേറെയായിട്ടും പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കാത്തതിനാല്‍ യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. കുട്ടികളെ എടുത്ത് ബസ് സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീകളും വയോധികരും ഏറെ ദൂരം നടന്ന് ബസ് സ്റ്റാന്ഡിലെത്തുന്നവരും ബസ് വരുന്നതുവരെ സ്റ്റാന്‍ഡില്‍ നില്‍ക്കേണ്ട അവസ്ഥയാണ്.
പിഞ്ചുകുട്ടിയെ എടുത്ത് ഏറെ നേരം ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കേണ്ടി വന്ന ഒരു സ്ത്രീ തളര്‍ന്നതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ചേര്‍ന്ന് അടുത്തുള്ള ഹോട്ടലില്‍ കൊണ്ട് ചെന്ന് ഇരുത്തുകയായിരുന്നു. പലരും ഗതിമുട്ടി വൃത്തിഹീനമായ തറയില്‍ ഇരുന്നാണ് ആശ്വാസം കാണുന്നത്.
ദുര്‍ബലമാണെന്നും പൊളിച്ചു നീക്കണമെന്നും എന്‍ജിനീയറിങ് വിഭാഗം വര്‍ഷങ്ങള്‍ക്കു മുന്‍പ് വിധിയെഴുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം ചില കരാറുകാര്‍ക്ക് പരസ്യം നല്കാന് വേണ്ടി പുതുക്കി പണിയാന്‍ നഗരസഭ നീക്കം നടത്തുന്നതായി ആരോപണമുണ്ട്.
കരാര്‍ കാലാവധി തീര്‍ന്നിട്ടും രണ്ട് വര്‍ഷത്തോളം ഒരു സ്വകാര്യ പരസ്യക്കമ്പനിക്ക് പരസ്യം സ്ഥാപിക്കാന്‍ നഗരസഭ അധികൃതര്‍ സൗകര്യം ചെയ്തു കൊടുത്തത് വിവാദമായിരുന്നു.
ഇതേ തുടര്‍ന്ന് ആ പരസ്യമെല്ലാം എടുത്തു മാറ്റിയെങ്കിലും വീണ്ടും അതേ കമ്പനിക്ക് പരസ്യത്തിനായി സൗകര്യമൊരുക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."