ആദിവാസി സാക്ഷരത; മാനന്തവാടിയില്‍ പദ്ധതിക്ക് തുടക്കമായി
മാനന്തവാടി: ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട എഴുത്തും വായനയും അറിയാത്ത മുഴുവന്‍ പേരേയും സാക്ഷരരാക്കുന്ന പദ്ധതിക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കമായി. സാക്ഷരത മിഷന്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ നഗരസഭ പരിധിയില്‍ 350ഓളം പേരെയാണ് കണ്ടെത്തിയത്.
ഇതില്‍ 20 വയസില്‍ താഴെയുള്ളവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കും. 20ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നഗരസഭാ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട 11 കോളനികളില്‍ വച്ച് ആഴ്ചയില്‍ രണ്ട് ദിവസം ക്ലാസുകള്‍ നല്‍കുക. മാനന്തവാടി കുറ്റിമുല കോളനിയിലെ 95 കാരനായ കരിയനാണ് പഠിതാക്കളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍.
പഠിതാക്കള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുകയും, പഠനയാത്ര, വിനോദ സഞ്ചാര യാത്ര എന്നിവയും സംഘടിപ്പിക്കും. ആദിവാസി വിഭാഗത്തിലെ മുഴുവന്‍ പേരെയും എഴുത്തും വായനയും അറിയുന്നവരാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. നഗരസഭതല ഉദ്ഘാടനം പയ്യമ്പള്ളി മുട്ടറകൊല്ലിയില്‍ കോളനിയില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് നിര്‍വഹിച്ചു.
ഡിവിഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് ജോര്‍ജ്ജ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി മുഖ്യപ്രഭാഷണം നടത്തി. പി മുരളീധരന്‍, കെ.എസ് കുര്യാക്കോസ്, വി.വി ക്ലാരമ്മ, സണ്ണി സംസാരിച്ചു. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 300 കോളനികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."