കാറ്റോവീറ്റ്‌സ് ഉച്ചകോടി നല്‍കുന്ന മുന്നറിയിപ്പ്
പരിസ്ഥിതിയെ പരിഗണിക്കാതെ രാഷ്ട്രങ്ങള്‍ ഇതേപോലെ തന്നെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കില്‍ വളരെ വൈകാതെ തന്നെ ഭൂമി വാസയോഗ്യമല്ലാതായിത്തീരുമെന്നാണ് പോളണ്ടിലെ കാറ്റോവീറ്റ്‌സില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടി നല്‍കിയ മുന്നറിയിപ്പ്. 2015ല്‍ പാരിസ് ഉച്ചകോടിക്കു ശേഷം ചേര്‍ന്ന കാറ്റോവീറ്റ്‌സ് ഉച്ചകോടിയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഭൂമിയുടെ ആസന്നമരണത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കാന്‍ ഉച്ചകോടി ഉപകരിക്കപ്പെട്ടു.
അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് പാരിസ് ഉച്ചകോടി കരാറില്‍നിന്ന് യു.എസ് പിന്മാറിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാവണം കാറ്റോവീറ്റ്‌സില്‍ സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടാവാതെ പോയത്. പുറത്തേക്കു പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കുന്നതു സംബന്ധിച്ച് ഉച്ചകോടിക്കു തീരുമാനമെടുക്കാന്‍ കഴിയാതെ പോയത് അമേരിക്കയുടെയും ചൈനയുടെയും കടുംപിടുത്തങ്ങള്‍ കാരണമാണ്. ഈ രണ്ടു രാഷ്ട്രങ്ങളാണ് ഉച്ചകോടിയിലുണ്ടാകുന്ന തീരുമാനങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുന്നതും.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു ബോധവാന്മാരല്ലാത്ത സാധാരണ ജനങ്ങള്‍പോലും കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചു ഗൗരവമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, മാധ്യമങ്ങള്‍ ഈ വിഷയം വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ വഴിവിട്ട ജീവിതത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് അവര്‍ക്കു താല്‍പര്യം. ഓരോ വര്‍ഷവും ചൂടു കൂടിവരുന്നുവെന്നതിനെക്കുറിച്ച് സാധാരണക്കാര്‍ ബോധവാന്മാരായിട്ടുണ്ട്. എന്താണിങ്ങനെയെന്ന് അവര്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ നമ്മുടെ സാമൂഹ്യ, സാംസ്‌കാരിക സംവാദങ്ങളിലൊന്നും ഈ വിഷയം കടന്നുവരുന്നില്ല.
മരങ്ങള്‍ വെട്ടിമാറ്റി റോഡുകള്‍ വീതി കൂട്ടുന്നതിലാണ് വികസനമെന്ന് രാഷ്ട്രീയ നേതാക്കള്‍ കരുതുന്നു. ഓരോ മരവും മുറിച്ചുമാറ്റുമ്പോള്‍ ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ് തകരുന്നതെന്നോര്‍ക്കുന്നില്ല. മലകളും കുന്നുകളും ഇടിച്ചു നിരപ്പാക്കുന്നു. കുന്നുകളില്‍ ക്വാറികള്‍ പെരുകുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 10 ജില്ലകളെ ബാധിച്ച വരള്‍ച്ചയും പിന്നാലെ വന്ന അതി തീവ്ര മഴയും മനുഷ്യന്റെ കരങ്ങളാല്‍ തീര്‍ത്ത അനര്‍ഥങ്ങള്‍ കാരണങ്ങളാലാണ്. അതിതീവ്രമായ മഴയ്ക്കും പ്രളയത്തിനുമാണ് കേരളം സാക്ഷിയായത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് ഇതു സംഭവിച്ചത്. നമ്മുടെ കൊച്ചു കേരളത്തെ കാലാവസ്ഥാ വ്യതിയാനം ഗുരുതരമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന സെക്രട്ടേറിയറ്റ് പറയുന്നത്. കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം അതിതീവ്ര കാലാവസ്ഥാ വ്യതിയാനം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവാണെന്നാണ് അവര്‍ പറയുന്നത്.
തലതിരിഞ്ഞ വികസനവും കാടും മരങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമാണ് ആവാസവ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളില്‍നിന്നും വര്‍ധിച്ചുവരുന്ന വാഹനങ്ങളില്‍നിന്നും അന്തരീക്ഷത്തിലേക്കു തുറന്നുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഭൂമിയുടെ ചൂടു വര്‍ധിപ്പിക്കുന്നു. ഈ ചൂടിനെ പുറത്തേക്കു വിടുന്നതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തടയുകയും ചെയ്യുന്നു. തന്നിമിത്തം ഭൂമി തണുക്കാതെ തപിച്ചുതന്നെ നില്‍ക്കുന്നു. ഇതാണ് ചൂടു വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാന കാരണം. മീഥൈന്‍, ഓസോണ്‍ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങള്‍ക്കും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സ്വഭാവമുണ്ട്. ജീവന് ആവശ്യമായ ചൂടു നിലനിര്‍ത്തണമെങ്കില്‍ ഇത്തരം വാതകങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍, അവ അധികമായാല്‍ അന്തരീക്ഷത്തിലെ ചൂടു വര്‍ധിക്കും. ഇതിനെയാണ് കാലാവസ്ഥാ വ്യതിയാനമായി പരിഗണിച്ചുവരുന്നത്. അന്തരീക്ഷത്തിലെ താപനില വര്‍ധിക്കുന്നതിനനുസരിച്ചു മഞ്ഞുമലകള്‍ ഉരുകുകയും അതുവഴി കടല്‍നിരപ്പ് ഉയരുകയും ചെയ്യുന്നു. ദ്വീപുകളും തുറമുഖങ്ങളും മുങ്ങിപ്പോകാന്‍ ഇത് ഇടയാക്കുന്നു. ഭൂമിയുടെ താപനില വര്‍ധിക്കുന്നത് കൂടുതലായിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മഴയുടെ അളവ് കുറയുക, ശക്തമായ പേമാരി ഉണ്ടാവുക, കഠിനമായ വരള്‍ച്ച ഉണ്ടാവുക, സമുദ്ര ജലത്തില്‍ അമ്ലത വര്‍ധിക്കുക. കാലാവസ്ഥാ വ്യതിയാനത്തെപറ്റി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ 2007ല്‍ പ്രസിദ്ധീകരിച്ച നാലാമത്തെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളത്രയും ഉള്ളത്.
ഭൂമിയുടെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ചു പഠിക്കാനും പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭ മുന്‍കൈ എടുത്ത് രാഷ്ട്രങ്ങളുടെ ഉച്ചകോടി വിളിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തടയാന്‍ തക്ക തീരുമാനങ്ങളൊന്നും ഉണ്ടാവുന്നില്ല. ഐക്യരാഷ്ട്രസഭ ഭൗമ ഉച്ചകോടിയും ജപ്പാനില്‍ നടന്ന ക്യോട്ടോ സമ്മേളനവും ഫലം കണ്ടില്ല. 2015 നവംബറില്‍ പാരിസില്‍ ചേര്‍ന്ന ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനം ഭയാനകമായ യാഥാര്‍ഥ്യമാണെന്ന് അംഗീകരിച്ചെങ്കിലും ഫലപ്രദമായ നടപടികളെടുക്കാന്‍ ഒരു രാഷ്ട്രവും തയാറായില്ല. അമേരിക്ക കരാറില്‍നിന്ന് പിന്മാറുകയാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
ചൂടു വര്‍ധിക്കുന്നതിനനുസരിച്ച് അതു തരണം ചെയ്യാന്‍ സസ്യലതാദികള്‍ക്കും മൃഗങ്ങള്‍ക്കും കഴിയില്ല. കൃഷി നശിക്കുകയും മൃഗങ്ങള്‍ ചത്തൊടുങ്ങുകയുമായിരിക്കും ഫലം. അതിപ്പോള്‍തന്നെ ഇന്ത്യയില്‍ കണ്ട് തുടങ്ങിയിട്ടുമുണ്ട്. 1995- 2006 കാലഘട്ടത്തില്‍ എല്ലാ വര്‍ഷവും താപനില പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് യു.എന്‍ സമിതി അവരുടെ നാലാമത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. ഏപ്രില്‍ മാസത്തെ വരള്‍ച്ചയും അതിതീവ്ര മഴയും പ്രളയവും ഈ യാഥാര്‍ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ ഇനിയങ്ങോട്ട് നാടിനെ നിലനിര്‍ത്താനാവൂ. കാറ്റോവീറ്റ്‌സ് ഉച്ചകോടി നല്‍കുന്ന മുന്നറിയിപ്പ് നാം ഗൗരവത്തിലെടുക്കുന്നില്ലെങ്കില്‍ അനിവാര്യമായ നാശമായിരിക്കും ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."