കായികാധ്യാപകര്‍ പ്രതിഷേധം കടുപ്പിക്കുന്നു ഗെയിംസ് അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നു കൂട്ടരാജി
ചെറുവത്തൂര്‍: കായികമേളകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ ഭാരവാഹികളുടെ കൂട്ടരാജി. തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാതെ പോകുന്നതിലാണു കായികാധ്യാപകരുടെ പ്രതിഷേധം. ജില്ലയിലെ റവന്യു ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറിയും ഏഴ് ഉപജില്ലകളിലെ സെക്രട്ടറിമാരും രാജി സമര്‍പ്പിച്ചു.
കായികമേളകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് അധ്യാപകര്‍.തസ്തിക നിര്‍ണയം നടക്കുമ്പോള്‍ അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ കായിക അധ്യാപകര്‍ക്കു യാതൊരു വിധത്തിലുള്ള ഇളവും ലഭിക്കുന്നില്ല. അതിനാല്‍ ഓരോ വര്‍ഷവും കായികാധ്യാപക തസ്തികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്.
യു.പി സ്‌കൂളുകളില്‍ 500 കുട്ടികള്‍ ഉണ്ടെങ്കില്‍ മാത്രമേ കായികാധ്യാപക തസ്തിക നിലനില്‍ക്കുകയുള്ളൂ. ഒരു കുട്ടി കുറഞ്ഞാല്‍ തസ്തിക നഷ്ടപ്പെടും. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നു പല യു.പി വിദ്യാലയങ്ങളിലും കായിക വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണ്. ഹൈസ്‌കൂളുകളിലാണെങ്കില്‍ 8,9 ക്ലാസുകളില്‍ ചുരുങ്ങിയത് അഞ്ചു ഡിവിഷനുകള്‍ ഉണ്ടെങ്കിലെ കായിക അധ്യാപക തസ്തിക അനുവദിക്കുകയുള്ളൂ. പത്താംതരത്തില്‍ പാഠപുസ്തകവും പിരീഡും ഉണ്ടെങ്കിലും ആ ക്ലാസുകളിലെ കുട്ടികളുടെ എണ്ണം തസ്തിക നിര്‍ണയത്തില്‍ പരിഗണിക്കാറില്ല.
ഹയര്‍സെക്കന്‍ഡറികളില്‍ നിലവില്‍ കായികാധ്യാപക തസ്തികയില്ല. അതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ മേളകളില്‍ പങ്കെടുപ്പിക്കാന്‍ ഹൈസ്‌കൂളിലെ കായികാധ്യാപകര്‍ പരിശീലനം നല്‍കണമെന്നതാണു സ്ഥിതി. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കലാ, കായിക, പ്രവൃത്തി പരിചയ വിഷയങ്ങളുടെ പഠനം കുട്ടിയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കായികാധ്യാപകര്‍ക്ക് ആ പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. യു.പി വിദ്യാലയങ്ങളില്‍ കായിക അധ്യാപക തസ്തിക അനുവദിക്കുന്നതിനുള്ള കുട്ടികളുടെ എണ്ണം 250 ആയി കുറയ്ക്കണമെന്നതാണ് അധ്യാപകരുടെ ആവശ്യം. ഓണാവധികഴിഞ്ഞു സ്‌കൂള്‍ തുറക്കുന്നതോടെ മേളകളുടെ കാലമാണ്. കായികാധ്യാപകര്‍ വിട്ടുനിന്നാല്‍ ഉപജില്ലാതലം മുതല്‍ സംസ്ഥാനതലം വരെയുള്ള കായികമേളകളുടെ നടത്തിപ്പു തന്നെ പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."