ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു
ചെറുവത്തൂര്‍: കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ് ) സര്‍ട്ടിഫിക്കറ്റിന് ഏഴുവര്‍ഷ കാലാവധിയെന്ന നിബന്ധന ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. 2012ല്‍ നടന്ന ആദ്യപരീക്ഷ വിജയിച്ചവര്‍ക്ക് വീണ്ടും പരീക്ഷ എഴുതേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴും ആശങ്ക അകറ്റാതെ അധികൃതര്‍. 8000 പേരാണ് ആശങ്കയിലായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 2012 മുതലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഭവന്‍ മുഖേന കെ- ടെറ്റ് പരീക്ഷ ആരംഭിച്ചത്.
അന്ന് വിജ്ഞാപനത്തില്‍ സര്‍ട്ടിഫിക്കറ്റിന് ഏഴുവര്‍ഷ കാലാവധിയെന്ന നിബന്ധനയുണ്ടായിരുന്നു. പിന്നീട് വിവരാവകാശ പ്രകാരം വിവരങ്ങള്‍ ശേഖരിച്ചപ്പോഴും ഈ നിബന്ധന നിലനില്‍ക്കുന്നുവെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍, ആദ്യ പരീക്ഷ വിജയിച്ചവര്‍ക്ക് ഈ യോഗ്യത മാനദണ്ഡമാക്കി ഒരു പി.എസ്.സി പരീക്ഷ പോലും എഴുതാനാകാതെയാണ് സര്‍ട്ടിഫിക്കറ്റിന് കാലാവധി അവസാനിക്കുന്നത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരാകുന്നതിന് കെ- ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കി 2017 ഓഗസ്റ്റ് 30 നാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്. അതിനു ശേഷമുള്ള പരീക്ഷാ വിജ്ഞാപനം വരാനിരിക്കുന്നതേയുള്ളൂ. കുറഞ്ഞ വിജയശതമാനം മാത്രമുള്ള പരീക്ഷ കഠിന പരിശ്രമത്തിലൂടെ വിജയിച്ചിട്ടും ഒരു പരിഗണനയും ലഭിക്കാതെ കാലാവധി അവസാനിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അധ്യാപക സംഘടനകള്‍ക്കും മൗനമാണ്. പുതിയ കെ- ടെറ്റ് പരീക്ഷയ്ക്ക് വിജ്ഞാപനം വന്നുകഴിഞ്ഞു.
ജനുവരി 27, ഫെബ്രുവരി 2 തിയതികളിലായാണ് പരീക്ഷ നടക്കുക.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി രണ്ടാണ്. നിബന്ധനയില്‍ ഇളവ് ലഭിച്ചില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കേണ്ടിവരും. ഒരിക്കല്‍ വിജയിച്ച പരീക്ഷ വീണ്ടും വിജയിക്കണമെന്ന നിബന്ധന ക്രൂരതയാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. തുടക്കത്തില്‍ സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകരും കെ- ടെറ്റ് യോഗ്യത നേടണമെന്ന നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അതു നടപ്പായില്ല. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രം കെ- ടെറ്റ് യോഗ്യത മതിയെന്ന രീതിയിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."