ഒടുവില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിടത്ത് എത്തുന്നു; ജി.എസ്.ടി ഒറ്റ സ്ലാബിലാക്കുമെന്ന് സൂചന നല്‍കി ജയ്റ്റ്‌ലി
ന്യൂഡല്‍ഹി: ജി.എസ്.ടി ഒറ്റ സ്ലാബിലാക്കുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 12 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലുള്ള സ്ലാബായിരിക്കും ഇത്. ജി.എസ്.ടി നടപ്പിലാക്കുന്ന ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശക്തമായി ഉന്നയിച്ചിരുന്ന ആവശ്യമാണിത്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ജി.എസ്.ടി 18 ശതമാനം മാത്രമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ജി.എസ്.ടി നടപ്പിലാക്കി 18 മാസമായെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതുനയം. അടുത്തവര്‍ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മുന്നിലുണ്ട്.
28 ശതമാനമുള്ള സ്ലാബ് ഇല്ലാതാവുമെന്നാണ് ജയ്റ്റ്‌ലി ഫെയ്‌സ്ബുക്കില്‍ കുറിച്ച ബ്ലോഗിലൂടെ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന 31-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ 23 ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയ്റ്റ്‌ലി പുതിയ പദ്ധതി വ്യക്തമാക്കുന്നത്. ടി.വി, സിനിമാ ടിക്കറ്റുകള്‍, പവര്‍ബാങ്ക്, ഹജ്ജ് യാത്ര വിമാനം തുടങ്ങിയവയ്ക്കാണ് നികുതി നിരക്ക് കുറച്ചത്.
ജി.എസ്.ടി സ്ലാബ് കുറയ്ക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനത്തിനു പുറമെ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും ബി.ജെ.പി ഭയക്കുന്നുണ്ട്. ജി.എസ്.ടി ഒറ്റ സ്ലാബിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ മടിയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയും പറഞ്ഞിരുന്നു.
ഒറ്റ സ്ലാബ് മാത്രമല്ല ജയ്റ്റ്‌ലി മുന്നില്‍ കാണുന്നത്. പൂജ്യം, അഞ്ച് സ്ലാബുകള്‍ കൊണ്ടുവരാനും ഉദ്ദേശമുണ്ടെന്ന് ജയ്റ്റ്‌ലി ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."