ലൈസന്‍സ് വൈകി ലഭിച്ചത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ വലയ്ക്കുന്നു
കൊച്ചി: വിദേശകാര്യമന്ത്രാലയത്തില്‍ നിന്നു ലൈസന്‍സ് കിട്ടാന്‍ വൈകിയതിനെതുടര്‍ന്ന് സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്നവരുടെ യാത്ര വൈകുന്നു.
മൂന്ന് വര്‍ഷം മുന്‍പുവരെ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ലൈസന്‍സുകള്‍ റമദാന്‍ വ്രതം ആരംഭിക്കുന്നതിനുമുന്‍പ് തന്നെ നല്‍കിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് രണ്ട് മാസത്തോളം വൈകുകയായിരുന്നു. എന്നാല്‍ ഇത്തവണ ലൈസന്‍സ് ലഭിച്ചതാകട്ടെ ജൂലൈ പകുതികഴിഞ്ഞാണ്. ഇത്തവണ ഹജ്ജ് വിസ ഓണ്‍ലൈനിലൂടെയാക്കിയതും കാലതാമസത്തിനിടവരുത്തിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. വിവിധ കാരണങ്ങളാല്‍ വിസ അപേക്ഷ തിരസ്‌കരിക്കപ്പെടുന്നതും വീണ്ടും അപേക്ഷിക്കേണ്ടി വരുന്നതുമാണ് കാരണം.
കേന്ദ്രസര്‍ക്കാരിലേക്ക് 25 ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ആളുകളുടെ എണ്ണം അനുസരിച്ചായിരുന്നു ഡെപ്പോസിറ്റ് നല്‍കിയിരുന്നത്. 100 പേരെ കൊണ്ടുപോകുന്നവര്‍ രണ്ടുലക്ഷം രൂപയും 150 പേരെ കൊണ്ടുപോകുന്നവര്‍ മൂന്ന് ലക്ഷം രൂപയുമാണ് നല്‍കിയിരുന്നത്.
എന്നാല്‍ എത്ര പേരെ കൊണ്ടുപോയാലും ഇത്തവണ 25 ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ലൈസന്‍സ് ലഭിച്ചതിനുശേഷമാണ് ഗ്രൂപ്പുകള്‍ മക്കയിലും മദീനയിലുമെത്തി തീര്‍ഥാടകരുടെ താമസസ്ഥലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. എന്നാല്‍ വളരെകുറച്ച് സമയം മാത്രമാണ് ഇത്തവണ താമസസൗകര്യം ഒരുക്കാനും മറ്റും ലഭിച്ചത്.
പാസ്‌പോര്‍ട്ട് റീഡ് ചെയ്യുമ്പോഴുണ്ടാകുന്ന യന്ത്രത്തകരാറും തീര്‍ഥാടകരുടെ യാത്ര വൈകാന്‍ കാരണമായിട്ടുണ്ട്. ഇത്തവണ സൗദി സര്‍ക്കാര്‍ പണം അടക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതും സ്വകാര്യഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായി. മുന്‍വര്‍ഷങ്ങളില്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയാണ് തീര്‍ഥാടകരുടെ ചെലവുകള്‍ നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ ഓരോ ഏജന്റും സഊദിയിലെ യുണൈറ്റഡ് ഏജന്‍സ് ഓഫിസ് വഴി പണമടക്കണമെന്നാണ് സഊദി ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിനായി ഓരോ ഏജന്റിനും പ്രത്യേക അക്കൗണ്ടും നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളുടെ വാടക അതത് കെട്ടിട ഉടമകള്‍ക്കാണ് നല്‍കിയിരുന്നതെങ്കില്‍ അതും ഇത്തവണ യുണൈറ്റഡ് ഏജന്‍സ് ഓഫിസ് വഴിയാക്കി.
കേരളത്തില്‍ നിന്ന് ഇത്തവണ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 5,560 പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്നത്. ഇതില്‍ പകുതിയോളം തീര്‍ഥാടകരും മലബാര്‍ മേഖലയില്‍ നിന്നാണ്. സംസ്ഥാനത്ത് 76 ഗ്രൂപ്പുകള്‍ ആണ് ഇത്തവണ തീര്‍ഥാടകരെ കൊണ്ടുപോകുന്നത്. ഇതില്‍ 40ഗ്രൂപ്പുകള്‍ ആദ്യ വിഭാഗത്തിലും 36 ഗ്രൂപ്പുകള്‍ രണ്ടാമത്തെ വിഭാഗത്തിലുമാണ്് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക്് 94 പേരെ കൊണ്ടുപോകാനും രണ്ടാമത്തെ ഗ്രൂപ്പില്‍പെട്ടവര്‍ക്ക് 50 പേരെ കൊണ്ടുപോകാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വകാര്യ തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുള്ള ആദ്യം വിമാനം ആറിന് യാത്രയായെങ്കിലും പലരും തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ്. യാത്ര പുറപ്പെടുന്ന തിയതികള്‍ മാറ്റി മാറ്റി പറയുന്നതും തീര്‍ഥാടകരില്‍ ആശങ്ക തീര്‍ത്തിട്ടുണ്ട്. ഹജ്ജ് കര്‍മം തുടങ്ങുന്നതിന് അഞ്ച് ദിവസം മുന്‍പ് മുഴുവന്‍ തീര്‍ഥാടകരെയും പുണ്യഭൂമിയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ഗ്രൂപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."