തിരൂര്‍ തുഞ്ചത്ത് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ കമ്പനി എം.ഡി അറസ്റ്റില്‍
തിരൂര്‍: ഒന്നര ലക്ഷത്തോളം വരുന്ന നിക്ഷേപകരെ വഞ്ചിച്ച് 30 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തിരൂര്‍ തുഞ്ചത്ത് ജ്വല്ലറി എം.ഡി അറസ്റ്റില്‍. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കേസിലെ പ്രധാന പ്രതിയായ ഒഴൂര്‍ സ്വദേശി മുതേരി ജയചന്ദ്രന്‍ (38)നെ കസ്റ്റഡിയിലെടുത്തതെന്ന് തിരൂര്‍ പൊലിസ് പറഞ്ഞു. കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങി ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ഇടയ്ക്ക് നാട്ടില്‍ വന്നു പോകാറുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലിസ് പിടികൂടുകയായിരുന്നു.
14 ഡയറക്ടര്‍മാരും അവര്‍ക്ക് കീഴില്‍ നൂറുകണക്കിന് ഏജന്റുമാരുമായി 2012 ഫെബ്രുവരി 24നാണ് തിരൂരില്‍ തുഞ്ചത്ത് ജ്വല്ലറി തുടങ്ങിയത്. ജ്വല്ലറി സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ചിരുന്നു. ഇങ്ങനെ ലഭിച്ച 15 കോടിയോളം രൂപ ഉപയോഗിച്ച് ജയചന്ദ്രന്‍ തിരൂര്‍, ഒഴൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ ഭൂമിയും, കെട്ടിടങ്ങളും വാങ്ങി കൂട്ടിയതായി പൊലിസ് പറഞ്ഞു. ഇതിനിടെ നിക്ഷേപകര്‍ ജ്വല്ലറിയിലെത്തി നിക്ഷേപങ്ങള്‍ തിരിച്ച് ചോദിക്കാന്‍ തുടങ്ങിയതോടെയാണ് 2016 ജൂണ്‍ 15ന് ജ്വല്ലറിയും ടെക്‌സ്റ്റൈല്‍സും അടച്ചുപൂട്ടി ജയചന്ദ്രന്‍ മുങ്ങിയത്. ഇതോടെ നിക്ഷേപകര്‍ ഡയറക്ടര്‍മാരെയും ഏജന്റുമാരെയും സമീപിച്ചതോടെ തട്ടിപ്പ് വ്യക്തമാകുകയായിരുന്നു.
ബംഗളൂരുവില്‍ 85 സെന്റ് സ്ഥലവും 26 മുറികളുള്ള മൂന്ന് നില കെട്ടിടവും അഞ്ച് കോടി രൂപ ചെലഴിച്ച് ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഒരു ജ്വല്ലറിയില്‍ 65 ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. തിരൂര്‍ പാന്‍ബസാറില്‍ 28 സെന്റ് സ്ഥലം ഏഴ് കോടി രൂപക്കും ഒഴൂരില്‍ 14 സെന്റ് സ്ഥലം 1.75 കോടി രൂപക്കും വാങ്ങി. രണ്ട് ഏക്കര്‍ എട്ട് സെന്റ് സ്ഥലം രണ്ട് കോടി രൂപക്കും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ 1.64 ഏക്കര്‍ സ്ഥലം മാത്രമാണ് ജയചന്ദ്രന്റെ പേരിലുള്ളത്. ബാക്കി സ്ഥലം ചില ഡയറക്ടര്‍മാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരിക്കുകയാണ്. ഇയാളുടെ പേരിലുള്ള മൂന്ന് വീടുകളും ചില ഡയറക്ടര്‍മാരാണ് ഉപയോഗിക്കുന്നത്. 14 ഡയറക്ടര്‍മാരില്‍ ചങ്ങരംകുളം സ്വദേശി ഹരിദേവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള 13 പേര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തിരൂര്‍ സി.ഐ എം.കെ.ഷാജി പറഞ്ഞു.
15 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും മൂന്നു കോടിയുടെ പരാതികളാണ് പൊലിസിന് ലഭിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ നിരവധിപേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."