രാംദാസ് കതിരൂരിന്റെ വീടിനുനേരെ ആക്രമണം
തലശ്ശേരി: പി.ഡി.പി മുന്‍ നേതാവും ആക്ടിവിസ്റ്റുമായ രാംദാസ് കതിരൂരിന്റെ വീടിനു നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു പുന്നോല്‍ ഈയ്യത്തുങ്കാട് വാഴയില്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വീടിനുനേരെ ആക്രമണം നടന്നത്. വീട്ടിനുള്ളിലെ വസ്തുക്കള്‍ ആയുധധാരികളായ അക്രമികള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. ഏഴംഗ സംഘമാണു മുഖംമൂടി ധരിച്ച് അക്രമണം നടത്തിയതെന്നു പൊലിസ് പറഞ്ഞു.
അക്രമികള്‍ അടിച്ചുതകര്‍ക്കുന്ന ശബ്ദംകേട്ട ഉടനെ രാംദാസിന്റെ ഭാര്യ സുനിത മുറിയില്‍ വാതിലടച്ച് അക്രമത്തില്‍ നിന്നു രക്ഷനേടിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അനുകൂല പോസ്റ്റുകള്‍ രാംദാസ് സാമൂഹ്യ മാധ്യമങ്ങളില്‍ കൈമാറിയിരുന്നു. ഇതിന്റെ പ്രകോപനമാണ് ആക്രമണത്തിനു കാരണമെന്ന നിഗമനത്തിലാണു പൊലിസ്. വീടിന്റെ ജനലുകളും ഗ്ലാസുകളും വാതിലുകളും ഭാഗികമായി അക്രമത്തില്‍ തകര്‍ന്നു. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്കും നാശമുണ്ടായി. അക്രമികളുടേതെന്ന് കരുതുന്ന കൊടുവാള്‍ സംഭവ സ്ഥലത്തു നിന്നു പൊലിസിനു ലഭിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അക്രമം നടക്കുമ്പോള്‍ രാംദാസ് തിരുവനന്തപുരത്തായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ന്യൂമാഹി എസ്.ഐ പി.കെ സുമേഷ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ടു പരാതി നല്‍കിയതായി രാംദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."