പൊന്നില്‍ പൊതിഞ്ഞ വിടവാങ്ങലെന്ന സ്വപ്‌നം പൊലിഞ്ഞു; ബോള്‍ട്ടിന് കണ്ണീര്‍ മടക്കം
ലണ്ടന്‍: സ്വര്‍ണപ്പതക്കം അണിഞ്ഞ വിടവാങ്ങലെന്ന സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ സ്വപ്‌നം സഫലമായില്ല. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.20ന് തന്റെ അവസാന മത്സരത്തിനിറങ്ങിയ വേഗത്തിന്റെ രാജകുമാരന് അകവും പുറവും വേദനയില്‍ നിറഞ്ഞ് വിടവാങ്ങാനായിരുന്നു വിധി. അവസാന മല്‍സരയിനമായ 4 100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ടിന് പേശിവലിവിനെ തുടര്‍ന്ന് മല്‍സരം പൂര്‍ത്തിയാക്കാനായില്ല.
അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്ക. ബോള്‍ട്ടിന്റെ ഒറ്റക്കുതിപ്പിലൂടെ സ്വര്‍ണ്ണത്തിലേക്ക് ജമൈക്ക ഓടി കയറുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ലോകം എന്നും ആരാധനയോടെ കണ്ട ആ സ്വതസിദ്ധമായ ശൈലിയില്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറാനൊരുങ്ങുകയായായിരുന്നു ബോള്‍ട്ട് . എന്നാല്‍, പൊടുന്നനെ വേദനകൊണ്ട് പുളഞ്ഞ ബോള്‍ട്ട് ഞൊണ്ടിച്ചാടി മത്സരത്തില്‍ നിന്ന് പിന്‍മാറി. ലോകമെങ്ങുമുള്ള കായിക പ്രേമികള്‍കള്‍ക്ക് സങ്കടക്കടല്‍ സമ്മാനിക്കുന്നതായി ഈ പിന്മാറ്റം. ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ പാളി നോക്കിയശേഷം വേദനയോടെ ട്രാക്കിലേക്ക് മുഖം പൂഴ്ത്തി ബോള്‍ട്ട് സങ്കടപ്പെടുന്ന കാഴ്ച കായിക പ്രേമികള്‍ക്ക് കണ്ണീര്‍ കാഴ്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."