കുമ്മനം രാജശേഖരന് മടങ്ങിയെത്തുന്നു: തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിച്ചേക്കും
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ സമ്മതമറിയിച്ചെന്നാണ് സൂചന. ആര്.എസ്.എസിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് നടപടി.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയായിരിക്കും കുമ്മനം രാജശേഖരന് നേരിടുക. ബി ജെ പി പ്രവര്‍ത്തകരുടെ ആഗ്രഹം അതാണെന്നും പ്രമുഖ നേതാക്കള്‍ തന്നെ മത്സരിക്കണംമെന്നും ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിളള ഉള്‍പ്പെടെ പ്രമുഖ നേതാക്കളെയെല്ലാം മല്‍സരിപ്പിക്കാനാണ് ബി.ജെ.പിയുടെ ആലോചന.
മിസോറാം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ കുമ്മനം ഗവര്‍ണര്‍ പദവി രാജിവക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന. 'കുമ്മനം ജനങ്ങള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നേതാവാണ്. ജനങ്ങളില്‍ നിന്ന് മാറി നില്ക്കാന് ഇഷ്ടപ്പെടുന്നയാളല്ല. ജനങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊളളുന്ന നേതാവാണ്'- എം.എസ് കുമാര്‍ പറഞ്ഞു.
ശബരിമല വിഷയം 'സുവര്‍ണാവസരമായി' ലഭിച്ചിട്ടും പി.എസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിന് ഉപയോഗപ്പെടുത്താനായിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. കുമ്മനം ആയിരുന്നെങ്കില്‍ ഇതായിരുന്നില്ല സ്ഥിതിയെന്ന് ആര്.എസ്.എസും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം, വലിയ താല്പര്യമില്ലാതെയാണ് ഗവര്‍ണറായി പോയത്. താല്പര്യക്കുറവ് കേന്ദ്ര നേതൃത്വത്തെ പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."