ഫെല്‍പ്‌സിന് റിയോയിലെ മൂന്നാം സ്വര്‍ണം
റിയോ ഡി ജനീറോ: നീന്തല്‍ക്കുളത്തിലെ ചക്രവര്‍ത്തി പട്ടം ഉറപ്പിച്ച് മൈക്കല്‍ ഫെല്‍പ്‌സ് അഞ്ചാം ദിനം നീന്തിയെടുത്തത് ഇരട്ട സ്വര്‍ണം. 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ് ഫെല്‍പ്‌സ് സ്വര്‍ണം നീന്തിയെടുത്തത്. റിയോയില്‍ ഫെല്‍പ്‌സിന്റെ സുവര്‍ണ നേട്ടം ഇതോടെ മൂന്നായി ഉയര്‍ന്നു. നേരത്തെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും ഫെല്‍പ്‌സടങ്ങുന്ന ടീം സ്വര്‍ണം നേടിയിരുന്നു.
ഒളിംപിക് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടക്കാരനെന്ന പെരുമയിലേക്ക് മൂന്നു സ്വര്‍ണം കൂടി ചേര്‍ത്ത ഫെല്‍പ്‌സിന്റെ മൊത്തം ഒളിംപിക് സ്വര്‍ണ നേട്ടം 21 ആയി ഉയര്‍ന്നു. 21 സ്വര്‍ണം രണ്ടു വീതം വെള്ളി വെങ്കലം മെഡലുകളും നാലു ഒളിംപിക്‌സുകളില്‍ നിന്നായി നീന്തിയെടുത്ത അമേരിക്കന്‍ താരത്തിന്റെ മൊത്തം ഒളിംപിക് മെഡല്‍ നേട്ടം 25ല്‍ എത്തി. 31കാരനായ ഫെല്‍പ്‌സിന്റെ കരിയറിലെ അവസാനത്തെ ഒളിംപിക്‌സാവാന്‍ സാധ്യതയുണ്ട് റിലേയിലേത്. അവസാന പോരാട്ടം അവിസ്മരണിയമാക്കിയാണ് അമേരിക്കന്‍ താരം എതിരാളികളില്ലാതെ അപരാജിത കുതിപ്പ് തുടരുന്നത്. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ മത്സരങ്ങളിലും ഇനി ഫെല്‍പ്‌സ് മത്സരിക്കാനുണ്ട്. ഈയിനങ്ങളിലും സ്വര്‍ണം തേടി അഞ്ചില്‍ അഞ്ചും വിജയിച്ച് മടങ്ങാനായിരിക്കും ഫെല്‍പ്‌സ് ലക്ഷ്യമിടുന്നത്.
ഒരു മിനുട്ട് 53.36 സെക്കന്‍ഡിലാണ് ഫെല്‍പ്‌സ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ പൂര്‍ത്തിയാക്കിയത്. ജപ്പാന്റെ മസാട്ടോ സക്കായി കടുത്ത വെല്ലുവിളിയുയര്‍ത്തിയെങ്കിലും ഭാഗ്യം താരത്തെ തുണയ്ക്കുകയായിരുന്നു. സക്കായി ഒരു മിനുട്ട് 53.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കിയപ്പോള്‍ ഹംഗറിയുടെ തമാസ് കെന്‍ഡെറെസി വെങ്കലം സ്വന്തമാക്കി.
4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ 7.00.66 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഫെല്‍പ്‌സടങ്ങുന്ന അമേരിക്കന്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്. കോണര്‍ ഡ്വയര്‍, ടൗണ്‍ലീ ഹാസ്, റയാന്‍ ലോച്‌റ്റെ എന്നിവരടങ്ങുന്നതാണ് ടീം.
കഴിഞ്ഞ 10 ഒളിംപിക്‌സിനിടെ നീന്തല്‍ കുളത്തില്‍ ഒരേയിനത്തിന്റെ ഫൈനലില്‍ മത്സരിക്കുന്ന പ്രായമേറിയ താരമെന്ന റെക്കോര്‍ഡ് ഫെല്‍പ്‌സിനുണ്ട്. 31 വയസ് പിന്നിട്ടിട്ടും നീന്തലില്‍ ഒരേയിനത്തില്‍ ഫൈനലില്‍ മത്സരിക്കുന്ന താരങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടില്ല. ലണ്ടന്‍ ഒളിംപിക്‌സില്‍ ഫെല്‍പ്‌സിനെ ഞെട്ടിച്ച് ഈ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം ലെ ക്ലോസുമായിട്ടുള്ള മത്സരം എന്ന നിലയ്ക്കാണ് 4-100 മീറ്റര്‍ റിലേയ്ക്ക് പ്രാധാന്യം ലഭിച്ചിരുന്നത്. 2004,2008 ഒളിംപിക്‌സുകളില്‍ ഈ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ ഫെല്‍പ്‌സിന് ലണ്ടനില്‍ അടിതെറ്റിയത് താരത്തിന്റെ വിരമിക്കല്‍ തീരുമാനത്തെ പോലും സ്വാധീനിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലെ ക്ലോസിന് നാലാം സ്ഥാനത്തു മാത്രമാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. മസാറ്റോ സകായ് ഇത്തവണ ഫെല്‍പ്‌സിനെ അട്ടിമറിക്കുമെന്ന് കരുതിയെങ്കിലും അന്തിമ വിജയം ഫെല്‍പ്‌സിനൊപ്പം നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."