ബലൂചിസ്ഥാനില്‍ സ്ഫോടനം; സൈനികര്‍ ഉള്‍പ്പെടെ 15 മരണം
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പടെ 15 പേര് മരിച്ചു. 32 പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. ഇവിടുത്തെ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്.
മോട്ടോര്‍സൈക്കിളിലെത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം.
സൈനികവാഹനം ക്വറ്റ വഴി കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ഇതേ തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കും തീ പിടിച്ചിട്ടുണ്ട്. പരുക്കേറ്റവരിലും 10 സൈനികരുണ്ടെന്നാണ് വിവരം.
പാകിസ്താന് സ്വാതന്ത്ര്യദിനാഘോഷം ബുധനാഴ്ച നടക്കാനിരിക്കെ ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടനമെന്ന് പാകിസ്താന് ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു.
മരിച്ചവരില്‍ സൈനികരും നാട്ടുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തെ തുടര്‍ന്ന് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. കഴിഞ്ഞ വര്‍ഷം നിരവധി ഭീകരാക്രമണങ്ങള്‍ നടന്ന സ്ഥലമാണ് ബലൂചിസ്ഥാന്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 180 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.
ഭീകരരുടെ സാന്നിധ്യം വര്‍ധിച്ചുവരുന്ന പ്രദേശമാണിവിടം. കഴിഞ്ഞ ജൂണില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."