പൊലിസ് 'കൈ' കാണില്ല; 'ആപ് 'ല്‍ വീഴാതെ നോക്കണം
പട്ടാമ്പി: ഗതാഗതനിയമം ലംഘിച്ച് ഇനിയും വാഹനങ്ങള്‍ ചീറിപ്പായുകയാണെങ്കില്‍ പൊലിസ്' കൈ കാണിച്ച് നിര്‍ത്തില്ല. എന്നാല്‍ പിഴ അടക്കമുള്ള നടപടിക്രമങ്ങള്‍ നേരിട്ട് വീട്ടിലെത്തും. കേരള പൊലിസിന്റെ 'ക്രൈം ഡ്രൈവ് സോഫ്റ്റ്‌വെയര്‍' ഉപയോഗിച്ച് നിയമലംഘകരെ പിടികൂടാനുള്ള പുതിയ ആപിന്റെ സഹായത്തോടെയാണിത് നടപ്പാകുന്നത്.
പട്ടാമ്പിയില്‍ ഈ ആപ് ഉടന്‍ പ്രാബല്യത്തില്‍ വരും. പൊലിസുകാര്‍ക്ക് മാത്രം ഉപയോഗിക്കാനാവുന്ന സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ച് നിയമം തെറ്റിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്താല്‍ മതി വാഹനം നിര്‍മിച്ച വര്‍ഷം മുതല്‍ ഉടമയുടെ ഫോണ്‍ നമ്പര്‍ വരെ പൊലിസിന്റെ കൈകളിലെത്തും.
പിന്നെ, സ്റ്റേഷനിലേക്ക് വിവരം കൈമാറി പിഴയടപ്പിക്കും. മൂന്നുപേര്‍ ഒന്നിച്ച് ഇരുചക്രവാഹനയാത്ര നടത്തിയാലോ ഫോണില്‍ സംസാരിച്ച് യാത്ര ചെയ്താലോ കുടുങ്ങുമെന്നുറപ്പ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള പാസ്‌വേഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.
ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നില്‍ക്കുമ്പോള്‍ ഈ ആപ് ഓണാക്കി വയ്ക്കും. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളുടെയും കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെയും നമ്പര്‍പ്ലേറ്റ് ആപ് ഉപയോഗിച്ച് ഫോട്ടോയെടുക്കും.
വ്യക്തതയില്ലാത്ത ഫോട്ടോയാണെങ്കിലും ആപ് കൃത്യമായി മനസിലാക്കും. ഉടനെ വാഹനത്തിന്റെ വിവരങ്ങള്‍ ഫോണിലെത്തും.
വിവരം ലഭിച്ചാല്‍ അത് അതാത് സ്റ്റേഷനിലേക്ക് കൈമാറും. അവിടെനിന്ന് ഉടമയെ വിളിച്ച് പിഴയടപ്പിക്കും. സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ നിശ്ചിത സമയപരിധി നല്‍കി പിഴയടയ്ക്കാനാവശ്യപ്പെട്ട് കത്തയയ്ക്കും. ഇതും അവഗണിച്ചാല്‍ കോടതി മുഖാന്തരമുള്ള നിയമനടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."