മുത്വലാഖ് ബില്‍ ചര്‍ച്ചയാകുമ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയിലില്ലാത്തത് വിവാദമാകുന്നു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ മുത്വലാഖ് വിഷയം ചര്‍ച്ച ചെയ്യുകയും ബില്ല് പാസാക്കുകയുമുണ്ടായ സമയത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ ഇല്ലാത്തത് വിവാദമാകുന്നു. വളരെ സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ടെടുപ്പിനോ കുഞ്ഞാലിക്കുട്ടി എത്താത്തതില്‍ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലീഗ് അണികളില്‍നിന്നു തന്നെ ഉയരുന്നത്.
മുത്വലാഖ് ബില്‍ വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുമെന്നും പാസാക്കുമെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്തതാണ്. ഇതനുസരിച്ച് ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതടക്കം വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസും തലേന്ന് രാത്രി യോഗം ചേര്‍ന്ന് സഭയില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുകയും ശക്തമായ രീതിയില്‍ ഇടപെടുകയും ചെയ്തു.
കേരളത്തില്‍നിന്ന് മുസ്‌ലിം ലീഗിലെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും ആര്‍.എസ്.പി എം.പിയായ എന്‍.കെ പ്രേമചന്ദ്രനുമാണ് ബില്ലിനെ ശക്തിയുദ്ധം എതിര്‍ത്തത്. വോട്ടെടുപ്പില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നപ്പോള്‍ സി.പി.എം, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് അംഗങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ സഭയില്‍ എത്താത്തതും വലിയ വിവാദമായിരുന്നു. വിമാനം വൈകിയെന്ന കാരണത്താല്‍ അന്ന് കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുല്‍ വഹാബ് എം.പിക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനായിരുന്നില്ല. തുടര്‍ന്ന് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍, വ്യോമയാന മന്ത്രാലയം ഗൂഢാലോചന നടത്തിയാണ് വിമാനം വൈകിപ്പിച്ചതെന്ന പരാതിയും ഇവര്‍ നല്‍കിയിരുന്നു.
ലോകസഭയില്‍ ലീഗ് എം.പിമാരുടെ ഹാജര്‍ വളരെ കുറവാണെന്നും വിഷയങ്ങള്‍ സമഗ്രമായും പഠിച്ചും അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മുത്വലാഖ് വിഷയത്തില്‍ ലീഗിന് അഭിപ്രായ ഐക്യമില്ലെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഇതായിരിക്കാം കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതെന്ന വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിക്കുന്നു. വ്യാഴാഴ്ച മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ കല്യാണചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടിയെന്നാണ് വിവരം.
എന്നാല്‍ മുത്വലാഖ് ബില്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി എത്താതിരുന്നത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് ഡോ. എം.കെ മുനീര്‍ എം. എല്‍.എ. പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. മുത്വലാഖിനെ എതിര്‍ത്ത് വോട്ടു ചെയ്യാന്‍ തീരുമാനമെടുത്തത് യുക്തിപൂര്‍വമാകാം. വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. അതിന്റെ ഗുണഫലങ്ങളെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ മര്‍മപ്രധാനമായ വിഷയത്തില്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവരെയൊന്നും പാര്‍ലമെന്റിലേക്കയക്കരുതെന്ന് മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം മുസ്‌ലിം ലീഗ് സമുദായത്തോട് ചെയ്ത കടുത്ത അപരാധമാണെന്നും ജലീല്‍ പറഞ്ഞു. ആദ്യമായല്ല ഇതെന്നും ഒരു എം.പിയെന്ന നിലയില്‍ തുടരാനുള്ള അവകാശം അദ്ദേഹത്തിനില്ലെന്നും ജലീല്‍ പറഞ്ഞു.
മുത്വലാഖ് ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ സഭയില്‍ ഹാജരാകാന്‍ കൂട്ടാക്കാതെ മാറിനിന്ന മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ മതേതര സമൂഹത്തോട് കൊടും വഞ്ചനയാണു കാട്ടിയതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുല്‍ വഹാബും ജന.സെക്രട്ടറി കാലിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."