ദുര്‍ഗന്ധംമൂലം ബുദ്ധിമുട്ടി രോഗികളും ജീവനക്കാരും
പേരൂര്‍ക്കട: ആശുപത്രി കാംപസിലെ മാലിന്യസംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം പരിമിതമായതിനാല്‍ മാലിന്യം കത്തിക്കാന്‍ സാധിക്കാതെ ദുര്‍ഗന്ധംമൂലം രോഗികള്‍ക്കൊപ്പം ജീവനക്കാരും ബുദ്ധിമുട്ടില്‍. ലക്ഷങ്ങള്‍ മുടക്കി ഒരു ഇന്‍സിനറേറ്റര്‍ കാംപസില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പ്രവര്‍ത്തിപ്പിക്കുന്നതിന് ഉള്ളത് രണ്ടു താല്‍ക്കാലിക ജീവനക്കാര്‍ മാത്രമാണ്. ഒരു സ്ഥിരജീവനക്കാരനെ ഇവിടേക്ക് നിയമിച്ചിരുന്നുവെങ്കിലും പുകയും മാലിന്യവും ചൂടും സഹിക്കാന്‍ വയ്യ എന്ന കാരണം പറഞ്ഞ്് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി അയാള്‍ ഒഴിവാകുകയായിരുന്നു.
ഡബിള്‍ ഡ്യൂട്ടി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കു 300 രൂപ മാത്രമാണ് ശമ്പളം. രാവിലെ മുതല്‍ വൈകുന്നേരം വരെയും പ്ലാന്റിനു മുന്നില്‍നിന്ന് ചൂടും പുകയും മാലിന്യവും സഹിക്കുകയാണ് താല്‍ക്കാലിക ജീവനക്കാര്‍. താല്ക്കാലികക്കാരെക്കൊണ്ട് അധികൃതര്‍ അധിക ജോലി ചെയ്യിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ആശുപത്രിയില്‍ നിന്നു പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങളില്‍ നിന്നു കുപ്പികളും മറ്റും വേര്‍തിരിക്കാതെ ചാക്കുകളില്‍ കൊണ്ടു തള്ളുന്നതിനാല്‍ ഇത് തീയില്‍ പൊട്ടിത്തെറിച്ച് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. പ്ലാസ്റ്റിക് കുപ്പികളുടെ കൂമ്പാരമാണ് ഇവിടെ. മാലിന്യം ശരിയാംവണ്ണം സംസ്കരിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും താല്‍ക്കാലിക ജീവനക്കാരുടെ ദുരിതവും ഒപ്പം രോഗികളുടെ പ്രശ്നങ്ങളും ഇല്ലാതാക്കുകയും ചെയ്യണമെന്നുമാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."