സി.എച്ച് ഉമര്‍ മുസ്ലിയാര് യാത്രയായി
കാളികാവ്: മദ്റസാ നിരീക്ഷണ രംഗത്ത് കാല് നൂറ്റാണ്ട് സേവനം ചെയ്ത സി.എച്ച് ഉമര്‍ മുസ്ലിയാര് കൂരാട് യാത്രയായി. കിഴക്കനേറനാട്ടില്‍ മുഫത്തിശുമാരിലെ കാരണവരും വഴികാട്ടിയുമായ സി.എച്ച് ഉമര്‍ മുസ്ലിയാരുടെ വേര്‍പാട് നാടിനെന്നപോലെ വിദ്യാഭ്യാസ ബോര്‍ഡിനും നികത്താനാവാത്ത വിടവായി മാറി. 1992 ലാണ് സമസ്തയുടെ മദ്റസ നിരീക്ഷകനായി ഉമര്‍ മുസ്ലിയാര് സേവനം ആരംഭിച്ചത്.
പനി ബാധിച്ച് ശാരീരികമായി പ്രയാസത്തിലായിരുന്ന അദ്ദേഹം മദ്റസ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച ചേളാരിയില്‍ നടന്ന ജംഇയ്യത്തുല്‍ മുഫത്തിശീന് യോഗത്തിലും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയും ചെയ്തു. ചെറു പ്രായം മുതല്‍ സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഉമര്‍ മുസ്ലിയാര് കൂരാട് മഹല്ലിലെ എതിരാളികള്‍ക്ക്പോലും സുസമ്മതനായിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, നീലഗിരി ജില്ലകളില്‍ മുഫത്തിശായി സേവനമുഷ്ടിച്ചു.
മദ്റസ സംവിധാനം കുറവുള്ള തമിഴ്നാട് നീലഗിരി ജില്ലയില്‍ സന്ദര്‍ശന വേളയില്‍ മദ്റസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം പ്രത്യേക താല്പര്യം കാണിച്ചിരുന്നു. വാഴത്തോട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദേശപ്രകാരം മദ്റസ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കൂരാടില്‍ സി.എച്ച് മുഹമ്മദിന്റെയും ഖദീജയുടെയും മകനായ ഉമര്‍ മുസ്ലിയാര് സ്വദേശത്തെ പ്രാധമിക പഠനത്തിന് ശേഷം മര്‍ഹൂം എ.പി മുഹമ്മദ് മുസ്ലിയാര് കുമരംപുത്തൂര്‍, കുഞ്ഞീതു മുസ്ലിയാര്, ഉമര്‍ മുസ്ലിയാര്, കെ.പി കരിങ്ങനാട് ഉസ്താദ് തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരില് നിന്ന് മതവിദ്യഭ്യാസം നേടിയിട്ടുണ്ട്. ദര്‍സ് പഠനത്തിന് ശേഷം മലപ്പുറം ജില്ലയിലെ പൊന്നാങ്കല്ല്, ചന്തക്കുന്ന്, പത്തിരിയാല്‍, ചുങ്കത്തറ, തെക്കുംപുറം എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."