ഗതാഗതക്കുരുക്ക്: പെരിന്തല്‍മണ്ണയില്‍ നാളെ മുതല്‍ ട്രാഫിക് ക്രമീകരണം
പെരിന്തല്‍മണ്ണ: പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക, നഗരത്തിലെ നിലവിലുള്ള രണ്ട് ബസ് സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പെരിന്തല്‍മണ്ണ നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മറ്റി തീരുമാനിച്ച നാലു ഘടകങ്ങളായുള്ള ട്രാഫിക് ക്രമീകരണത്തിന്റെ ഒന്നാംഘട്ടം നാളെ മുതല്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ ബസ് സര്‍വിസുകള്‍ ക്രമീകരിക്കുകയും നിലവിലുള്ള രണ്ടു സ്റ്റാന്‍ഡുകളിലും ബസുകള്‍ കയറി യാത്രക്കാരെ കയറ്റിയിറക്കുന്നതു കര്‍ശനമാക്കുന്നതുമായ നടപടികള്‍ക്കാണ് തുടക്കംകുറിക്കുന്നത്.
നിലവില്‍ ബസുകള്‍ ഓടിക്കൊണ്ടിരിക്കുന്ന റൂട്ടുകള്‍ക്കു മാറ്റംവരുത്താതെയും നഗരത്തിലെ പാതയോരങ്ങളില്‍ ബസുകള്‍ തിരിക്കുന്നതും വഴിയോരങ്ങളില്‍ നിര്‍ത്തിയിടുന്നതും ഒഴിവാക്കിയും ബസ് സ്റ്റാന്‍ഡുകളില്‍ പൊലിസ് എയ്ഡ് പോസ്റ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി കര്‍ശനമാക്കിയും ബസ് സ്റ്റാന്‍ഡുകള്‍ സജീവമാക്കുകയാണ് ഒന്നാംഘട്ട ട്രാഫിക് പരിഷ്‌കരണം. യാത്രക്കാര്‍ക്കു നഗരസഭയുടെ ബൈപാസ് സ്റ്റാന്‍ഡില്‍നിന്നും ആര്‍.എന്‍ മനഴി സ്റ്റാന്‍ഡില്‍നിന്നും ബസുകള്‍ കയറാനാകുംവിധം ഇതു ക്രമീകരിക്കും. ക്രമീകരണ നടപടിയുടെ രണ്ടാംഘട്ടം ഈ മാസം അവസാനവാരം നടപ്പാക്കും.
ബസ് ഓണേഴ്‌സ്, തൊഴിലാളികള്‍, പൊലിസ് എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഒന്നാംഘട്ട ക്രമീകരണം. രണ്ടാംഘട്ട ക്രമീകരണ നടപടികള്‍ ചര്‍ച്ചചെയ്യാനായി 21നു ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വീണ്ടും ചേരും. ആറു മാസത്തെ ഘട്ടംഘട്ടമായുള്ള നടപടികളിലൂടെ നഗരത്തിലെ ട്രാഫിക് കുരുക്കിനു പരിഹാരം കാണുകയാണ് ലക്ഷ്യം. ഒന്നാംഘട്ട ക്രമീകരണത്തിലെ തീരുമാനപ്രകാരം മണ്ണാര്‍ക്കാട് റോഡില്‍നിന്നു വരുന്ന ബസുകള്‍ മനഴി സ്റ്റാന്‍ഡില്‍ പ്രവേശിച്ചു ബൈപാസ് സ്റ്റാന്‍ഡില്‍നിന്ന് ആളെ കയറ്റണം. പട്ടാമ്പി-ചെര്‍പ്പുളശ്ശേരി റോഡില്‍നിന്നു വരുന്ന എല്ലാ ബസുകളും ബൈപാസ് സ്റ്റാന്‍ഡില്‍ കയറി യാത്രക്കാരെ കയറ്റിയിറക്കി ബൈപാസ് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടണം. ഊട്ടി റോഡ് വഴി വരുന്നവ ടൗണിലൂടെ വന്ന് മനഴി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ചു ബൈപാസ് ബസ് സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കുകയും ഇവിടെനിന്നു പുറപ്പെടുകയും ചെയ്യണം.
കോഴിക്കോട്- മലപ്പുറം-വളാഞ്ചേരി റൂട്ടില്‍നിന്നു വരുന്നവ ടൗണിലൂടെ മനഴി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കിക്കയറ്റി മനഴി സ്റ്റാന്‍ഡില്‍നിന്നാണ് യാത്ര പുറപ്പെടേണ്ടത്. എല്ലാ ബസുകളും അതാതു സ്റ്റാന്‍ഡുകളിലെ പൊലിസ് എയ്ഡ്‌പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."