സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൊടുവില്‍ പമ്പ് ഹൗസില്‍ വൈദ്യുതിയെത്തി
പുതുക്കാട്: ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥയില്‍ പ്രവര്‍ത്തനം നിലച്ച മനക്കല്‍കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വൈദ്യുതി ലഭിച്ചത്.സാങ്കേതിക പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ വൈദ്യുതി നല്‍കാന്‍ കഴിയില്ലെന്ന് വകുപ്പ് നിലപാടെടുത്തതോടെ കാര്‍ഷിക മേഖല വരള്‍ച്ച നേരിടുകയായിരുന്നു.
നൂറ് കണക്കിന് ഏക്കര്‍ കാര്‍ഷിക വിളകള്‍ നാശത്തിന്റെ വക്കിലെത്തിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു.സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി സി.രവീന്ദ്രനാഥ് പ്രശ്‌നത്തില്‍ ഇടപെടുകയും വൈദ്യുതി വകുപ്പ് മന്ത്രിയുമായി ബന്ധപെടുകയായിരുന്നു.വകുപ്പ് അധികൃതര്‍ ഇറിഗേഷന്‍ വകുപ്പുമായി ധാരണയിലെത്തുകയും പ്രശ്‌നത്തിന് പരിഹാരം കാണുകയുമായിരുന്നു. വൈദ്യുതി നിയന്ത്രണത്തിനുള്ള സി.ടി.പി.ടി. സംവിധാനമില്ലാത്തതാണ് വര്‍ഷങ്ങളായി മനയ്ക്കല്‍ക്കടവില്‍ ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തനം നിലക്കാന്‍ കാരണം. മന്ത്രിയുടെ ഇടപെടലോടെ വൈദ്യുതി വകുപ്പ് അധികൃതര്‍ പുതിയ സി.ടി.പി.ടി. സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.സി.ടി.പി.ടി. യുടെ വില മുന്‍കൂര്‍ നല്‍കേണ്ടതില്ലെന്നും പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്ന മുറയ്ക്ക് തുക നല്‍കിയാല്‍ മതിയെന്നും അധികൃതര്‍ തീരുമാനിച്ചു.ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വകുപ്പ് അധികൃതര്‍ സി.ടി.പി.ടി. സംവിധാനം സ്ഥാപിക്കുകയും ഉച്ചയ്ക്ക് ഒന്നരയോടെ വൈദ്യുതി ബന്ധം സ്ഥാപിക്കുകയും ചെയ്തു.
പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, പഞ്ചായത്തംഗങ്ങളായ രാജു തളിയപറമ്പില്‍, സജിത്ത് കോമത്തുകാട്ടില്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. വൈദ്യുതി ലഭിച്ചതോടെ അടുത്ത ദിവസം മുതല്‍ പമ്പിംഗ് ആരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച മോട്ടോറുകള്‍ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം തുടങ്ങുന്നതോടെ കര്‍ഷകരുടെ ഏറെ നാളത്തെ ആശങ്കക്കാണ് വിരാമമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."