പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കും
കാസര്‍കോട്: ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക്, കുപ്പി മുതലായവ ശേഖരിച്ച് ഉപജീവനം നടത്തുന്നവര്‍ക്കും പാഴ്‌വസ്തു വ്യാപാരികള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കും. ശുചിത്വ മിഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകൃത ഐഡന്റിറ്റി കാര്‍ഡ്, യൂനിഫോം, ആരോഗ്യ സാമൂഹ്യ സാമ്പത്തിക സംരക്ഷണം തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തും.
സര്‍ക്കാര്‍ നടപ്പാക്കുന്ന അജൈവ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തികളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനയും മറ്റു ആനുകൂല്യങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഒരാഴ്ചയ്ക്കകം ജില്ലാ ശുചിത്വ മിഷന്‍ ഓഫിസുമായി ബന്ധപ്പെടണമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സംസ്ഥാന വ്യാപകമായി ഒക്‌ടോബറില്‍ നടത്തുന്ന അജൈവ മാലിന്യ ശേഖരണ കാംപയിനില്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന പാഴ്‌വസ്തു വ്യാപാരികള്‍ക്കായിരിക്കും മുന്‍ഗണന. ഈ രജിസ്‌ട്രേഷനിലൂടെ ജില്ലയില്‍ അനൗപചാരികമായി വ്യാപാരം നടത്തുന്ന പാഴ്‌വസ്തു വ്യാപാരികള്‍ക്കു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകാനും സാധിക്കും.
രജിസ്റ്റര്‍ ചെയ്യുന്ന പാഴ്‌വസ്തു വ്യാപാരികളെ ഉപയോഗപ്പെടുത്തി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി അജൈവ മാലിന്യ ശേഖരണം നടത്തി ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഈ കാംപയിന്‍ ഉപകരിക്കുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."