ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ സംവിധാനം വരുന്നു
തിരൂര്‍: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ അഞ്ച് പ്രധാന കേന്ദ്രങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുമെന്ന് നഗരസഭാ അധികൃതര്‍. റിങ് റോഡ്, ബസ് സ്റ്റാന്‍ഡ് പരിസരം, സെന്‍ട്രല്‍ ജങ്ഷന്‍, സിറ്റി ജങ്ഷന്‍, താഴെപ്പാലം എന്നിവിടങ്ങളിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ സിഗ്നല്‍ സ്ഥാപിക്കുന്നത്. രണ്ടു കേന്ദ്രങ്ങളില്‍ ആദ്യം സിഗ്നല്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കെല്‍ട്രോണ്‍ സാങ്കേതിക വിദഗ്ധര്‍ ഇന്ന് തിരൂരിലെത്തുമെന്ന് ചെയര്‍മാന്‍ കെ. ബാവഹാജി പറഞ്ഞു.
തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റ് കോറിഡോര്‍ പദ്ധതി പ്രവൃത്തി പുരോഗമിക്കുകയാണെന്നും 45 ലക്ഷം രൂപ ചെലവിലുള്ള പദ്ധതിയുടെ ഭാഗമായി മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാത്ത തരത്തില്‍ റോഡ് നവീകരിക്കുമെന്നും കമാനം പണിയുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. നഗരത്തില്‍ ഓട്ടോ ഷെല്‍ട്ടര്‍ പദ്ധതി പ്രവൃത്തി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ തെക്കുംമുറി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വികസനത്തിനായുള്ള മൂന്ന് കോടിയുടെ പദ്ധതി നടപടികള്‍ തുടങ്ങിയതായും കിഡ്‌കോയ്ക്കാണ് പദ്ധതി നിര്‍വഹണ ചുമതലയെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
സ്വപ്നനഗരി പദ്ധതിയ്ക്കായി പുതിയ കണ്‍സല്‍ട്ടന്‍സിയെ നിയമിച്ചു. താഴെപ്പാലത്തെ സ്റ്റേഡിയം പരിസരത്ത് നടപ്പാതയോടു കൂടിയ ടൂറിസം പദ്ധതി നടപ്പാക്കാന്‍ കിഫ്ബി മുഖേന മൂന്നരക്കോടി രൂപ അനുവദിച്ചു.
അതിന് എസ്റ്റിമേറ്റ് തയാറാക്കുന്നതടക്കമുള്ള നടപടികള്‍ തുടങ്ങി. തിരൂര്‍-പൊന്നാനി പുഴയില്‍ താഴെപ്പാലം മുതല്‍ പൊറൂര്‍ വരെയുള്ള മേഖലയില്‍ ടൂറിസം പദ്ധതി പരിഗണനയിലാണ്. സ്റ്റേഡിയം വികസനത്തിന് അഞ്ചുകോടി രൂപ കൂടി അധികമായി സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ ശാസ്ത്രീയ പദ്ധതികള്‍ തുടങ്ങിയെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
എം.എല്‍.എ നിര്‍ദേശിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും ചെയര്‍മാന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാനൊപ്പം വൈസ് ചെയര്‍പേഴ്‌സണ്‍ കെ. സഫിയ ടീച്ചര്‍, സ്ഥിരസമിതി അധ്യക്ഷരായ ഗീതപള്ളിയേരി, ഇസ്ഹാഖ്, കെ. വേണുഗോപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."