ആധാരം ഫയലിങ് ഷീറ്റ് രജിസ്‌ട്രേഷന്‍: പുതിയ പരിഷ്‌കാരം ഒന്നുമുതല്‍
ബി.കെ ബൈജു#
തളിപ്പറമ്പ് (കണ്ണൂര്‍): ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ യഥാര്‍ഥ അവകാശരേഖയായി തയാറാക്കുന്ന ഫയലിങ് ഷീറ്റ് എഴുതി തന്നെ തയാറാക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഷീറ്റുകളുടെ വലുപ്പം കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശം രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ലഭിച്ചു. ആധാരങ്ങളില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്താനാണു നിര്‍ദേശം. ഇതനുസരിച്ച് നിലവില്‍ എ3 വലുപ്പത്തിലുള്ള ഷീറ്റുകള്‍ എ4 ലേക്കു മാറും. ഫയലിങ് ഷീറ്റ് എഴുതി തയാറാക്കുന്നതിന് പകരം പ്രിന്റ് ചെയ്താല്‍ മതിയാകും.
വസ്തു സംബന്ധിച്ച്് ആധാരത്തിലുള്ള വിവരങ്ങള്‍ ഫയലിങ് ഷീറ്റില്‍ എഴുതി തയാറാക്കി വാള്യങ്ങളാക്കി യഥാര്‍ഥ അവകാശരേഖയായാണ് രജിസ്ട്രാര്‍ ഓഫിസില്‍ സൂക്ഷിക്കുന്നത്. 1958ല്‍ ഇ.എം.എസ് സര്‍ക്കാരാണു ഫയലിങ് ഷീറ്റ് രജിസ്‌ട്രേഷന്‍ നടപ്പാക്കിയത്. ആധാരങ്ങള്‍ തയാറാക്കുന്ന ലൈസന്‍സിനു പുറമെ ഫയലിങ് ഷീറ്റ് എഴുതി തയാറാക്കുന്നതിനു കൈപ്പട ലൈസന്‍സും (സ്‌ക്രൈബേഴ്‌സ് ലൈസന്‍സ്) നല്‍കിയിരുന്നു. ഫയലിങ് ഷീറ്റ് എ4 ലേക്ക് മാറുന്നതിലൂടെ സ്‌കാനിങ് ജോലികള്‍ എളുപ്പത്തിലാകുകയും രജിസ്‌ട്രേഷന്‍ നടത്തി വേഗത്തില്‍ തന്നെ ആധാരം ഉടമകള്‍ക്ക് നല്‍കാനാകും. സമീപ ഭാവിയില്‍ തന്നെ ഫയലിങ് ഷീറ്റ് സമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായാണ് ഇപ്പോഴത്തെ പരിഷ്‌കാരമെന്നാണ് സൂചന. ഇതോടെ ആധാരം എഴുതി തയാറാക്കുന്ന രീതിക്കും അവസാനമാകും.
കേരളത്തില്‍ മാത്രമാണ് ആധാരങ്ങള്‍ എഴുതി തയാറാക്കുന്നത്. നിലവില്‍ രജിസ്ട്രാര്‍ ഓഫിസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ആധാര വാള്യങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കുന്നതോടെ അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ട ഫയലുകളുടെ എണ്ണം ഗണ്യമായി കുറയും. രജിസ്‌ട്രേഷന്‍ വകുപ്പ് പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഈ മേഖല ഉപജീവന മാര്‍ഗമായി സ്വീകരിച്ച ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആധാരമെഴുത്തുകാരുടെ കീഴില്‍ കൈപ്പട ലൈസന്‍സുള്ള സ്‌ക്രൈബേഴ്‌സ് എന്നറിയപ്പെടുന്ന വിഭാഗത്തില്‍പ്പെടുന്നവരുടെ തൊഴില്‍ പൂര്‍ണമായും പുതിയ പരിഷ്‌കാരത്തിലൂടെ നഷ്ടമാകുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം ഫയലിങ് ഷീറ്റ് സമ്പ്രദായം നിര്‍ത്തുന്നുവെന്ന പ്രചാരണം ഉണ്ടായിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫയലിങ് ഷീറ്റ് സമ്പ്രദായം ഭൂരേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ഈരീതി നിര്‍ത്തലാക്കരുതെന്നും ചൂണ്ടിക്കാട്ടി അന്നു ആധാരമെഴുത്ത് യൂനിയനുകള്‍ രംഗത്തുവന്നിരുന്നു. ഇവരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ യഥാര്‍ഥ അവകാശരേഖയായ ഫയലിങ് ഷീറ്റ് നിര്‍ത്തലാക്കില്ലെന്ന് രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഉറപ്പുനല്‍കിയിരുന്നു. ഫയലിങ് ഷീറ്റ് നിര്‍ത്തുമെന്ന സൂചന നല്‍കി പുതിയ നിര്‍ദേശം വന്നതോടെ വീണ്ടും ആശങ്കയിലായിരിക്കുകയാണ് ആധാരമെഴുത്ത് ഓഫിസിലെ എഴുത്തുജോലിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."