ഏലക്ക ലേല കേന്ദ്രങ്ങള്‍ കര്‍ഷകരെ കൊള്ളയടിക്കുന്നു
തൊടുപുഴ: സ്വകാര്യ ഏലം ലേലകേന്ദ്രങ്ങള്‍ കര്‍ഷകരെ ചൂഷണം ചെയ്ത് വന്‍ലാഭമുണ്ടാക്കുന്നുവെന്ന പരാതിയുമായി കര്‍ഷകര്‍ രംഗത്തെത്തി. പല കാരണങ്ങള്‍ നിരത്തി വന്‍തുകയാണ് ലേല കേന്ദ്രങ്ങള്‍ തട്ടിയെടുക്കുന്നത്. അതേസമയം, വിളവെടുപ്പ് സീസണ്‍ ആയതോടെ ഏലക്കായ്ക്കു വില കുറയാന്‍ തുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാക്കുകയും ചെയ്യുന്നുണ്ട്.
ഏലം ലേലത്തിന് വച്ച് പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വില നല്‍കണമെന്ന് സ്‌പൈസസ് ബോര്‍ഡ് നിര്‍ദേശമുള്ളതാണ്. എന്നാല്‍, പലപ്പോഴും പണം ലഭിക്കാന്‍ ഒരു മാസം വരെ കാലതാമസമെടുക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
ലേലത്തുകയുടെ ഒരു ശതമാനം ലേലകേന്ദ്രങ്ങള്‍ക്ക് കമ്മിഷനായി ലഭിക്കുന്നത് കൂടാതെ ജിഎസ്ടിയുടെ പേരില്‍ കമ്മിഷന്‍ തുകയുടെ 18 ശതമാനം സേവനനികുതി ഈടാക്കുന്നതായും പരാതിയുണ്ട്. യഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്ക് ജിഎസ്ടി നികുതി നല്‍കേണ്ടതില്ല. ഏലം ലേലകേന്ദ്രങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന കമ്മിഷന്‍ തുകയില്‍ നിന്നുമാണ് സേവന നികുതി നല്‍കേണ്ടത്. ഏലമുള്‍പ്പെടെയുള്ള വിളകളുടെ വിപണന വിതരണ കാര്യങ്ങളില്‍ സ്‌പൈസസ് ബോര്‍ഡ് ഇടപെടല്‍ നാമമാത്രമായതോടെയാണ് കര്‍ഷകര്‍ ഇത്തരം ചൂഷണത്തിനിരയാകേണ്ടി വന്നത്.
അതേസമയം, ഏലത്തോട്ടങ്ങളില്‍ വൈകിയാണെങ്കിലും ഏലക്കാ വിളവെടുപ്പ് ആരംഭിച്ചു. മഴക്കുറവും കാലാവസ്ഥയിലുണ്ടായ മാറ്റവും മൂലം താമസിച്ച വിളവെടുപ്പ് സീസണ്‍ സജീവമായപ്പോള്‍ ഏലക്കായുടെ വില കുറയുകയാണ്. ഇതോടെ കടുത്ത ആശങ്കയിലാണു കര്‍ഷകര്‍.
ഈ വര്‍ഷമാദ്യം 600 രൂപ വരെ താഴ്ന്ന ഏലം വില കഴിഞ്ഞയാഴ്ച്ച ശരാശരി 1150 വരെയെത്തിയിരുന്നു. പിന്നീട് കുറഞ്ഞു. കിലോയ്ക്ക് 980 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. പലയിടത്തും ഈ സീസണിലെ ആദ്യവിളവെടുപ്പിന്റെ സമയമാണിപ്പോള്‍. വിലയില്‍ ഈ വിധം ചാഞ്ചാട്ടമുണ്ടാവുകയാണെങ്കില്‍ രണ്ടാം വിളവെടുപ്പ് കഴിയുന്നതോടെ വില വീണ്ടും താഴുമെന്നാണു വ്യാപാരികള്‍ പറയുന്നത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഉത്തരേന്ത്യയില്‍ നീണ്ട അവധിയെത്തുന്നതിനാല്‍ വിപണി നിര്‍ജീവമാകും. ആഭ്യന്തര വിപണിയിലെ തളര്‍ച്ചയ്‌ക്കൊപ്പം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കയറ്റുമതിയിലുണ്ടായ കുറവും ഏലം വിപണിയെ ദോഷകരമായി ബാധിച്ചേക്കാം.
ഏലം സംസ്‌കരണ ചെലവുകളും വര്‍ധിച്ചിട്ടുണ്ട്. ഏലം ഉണക്കുന്ന ഡ്രയറുകളിലെ ഉണക്കുകൂലി സംബന്ധിച്ച് യാതൊരു മാനദണ്ഡങ്ങളുമില്ല. ഡ്രയറുകളെ വ്യാവസായിക മേഖലയില്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വൈദ്യുതി ചാര്‍ജില്‍ ഇളവുകളില്ലാത്തത് ഏലം സംസ്‌കരണ ചെലവ് വര്‍ധിപ്പിക്കുന്നു.
നിലവില്‍ 5.50 രൂപ മുതല്‍ 9.30 രൂപവരെയാണ് വ്യാവസായിക മേഖലയില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് ഈടാക്കുന്നത്. ജലസേചന ആവശ്യങ്ങള്‍ക്കുള്‍പ്പെടെ കൃഷിയാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി യൂണിറ്റിന് 2 രൂപ നിരക്കിലാണ് ലഭ്യമാവുന്നത്. കര്‍ഷകര്‍ ഏലം ഉണക്കാനുപയോഗിക്കുന്ന ഡ്രയറുകളെ കൃഷിയാവശ്യമായി പരിഗണിച്ച് വൈദ്യുത താരിഫ് പുനക്രമീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സ്‌പൈസസ് ബോര്‍ഡ് വഴി ഏലം കൃഷിക്ക് നല്‍കിക്കൊണ്ടിരുന്ന സബ്‌സിഡികളും ധനസഹായവും പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാന കൃഷി വകപ്പും നാമമാത്രമായ സഹായങ്ങളാണ് ഏലം കര്‍ഷകര്‍ക്ക് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."