ഹജ്ജ് 2017: അനധികൃതമായി ഹജ്ജിനെത്തുന്നവരെ വിലക്കേര്‍പ്പെടുത്തി നാട് കടത്തും: ആഭ്യന്തര മന്ത്രാലയം
മക്ക: ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആവശ്യമായ അനുമതി പത്രങ്ങളിലാതെ പിടിക്കപ്പെട്ടാല്‍ നാട് കടത്തുമെന്നു സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയാണ് നാട് കടത്തുക. ഇതിനകം തൊണ്ണൂറ്റി അയ്യായിരം പേരെ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷ വിഭാഗം മേധാവി ഖാലിദ് അല്‍ഹര്‍ബി പറഞ്ഞു. മക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ കവാടങ്ങളിലും ശക്തമായ പരിശോധന നടക്കുന്നുണ്ട്. പെര്‍മിറ്റ് കൂടാതെ മക്കയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചിരിക്കയാണ്.
മതിയായ രേഖകളില്ലാത്ത 47,700 വാഹനങ്ങളും അധികൃതര്‍ തിരിച്ചയച്ചിട്ടുണ്ട്. ഹജ്ജ് സേവനത്തിന് ഓടുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഇതിനായി പ്രത്യേക ഫിറ്റ്‌നസ് പരിശോധന പാസായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് നിര്‍വഹിക്കാനുദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഏജന്‍സികള്‍ മുഖേന തസ്‌രീഹ് (ഹജ്ജിനുള്ള അനുമതി) കരസ്ഥമാക്കണം. 194 ഏജന്‍സികള്‍ വഴി രണ്ടു ലക്ഷത്തി നാല്‍പതിനായിരം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് മന്ത്രാലയം അവസരം നല്‍കുക.
പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിക്കുന്നത് സഊദി താമസ നിയമമനുസരിച്ച് നിയമലംഘനമാണെന്നും തീര്‍ഥാടകര്‍ക്ക് പ്രയാസമില്ലാതെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ സ്വദേശികളും വിദേശികളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഹജ്ജിന്റെ ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ മക്കയിലേക്കുള്ള പ്രവേശ കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."