കാരുണ്യനിധിയുമായി മുട്ടില്‍ ഓര്‍ഫനേജ് യു.പി സ്‌കൂളിലെ സ്വാതന്ത്ര്യദിനം
മുട്ടില്‍: 'കാരുണ്യനിധി രാഷ്ട്ര നന്മക്ക്' എന്ന സന്ദേശവുമായി മുട്ടില്‍ ഓര്‍ഫനേജ് യു.പി.സ്‌കൂള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
വിദ്യാലയത്തില്‍ പഠിക്കുന്ന 950 കുട്ടികള്‍ക്കും ഓരോ പണക്കുറ്റി നല്‍കുകയും സമാഹരിച്ച പണം അടുത്ത ദേശീയ ദിനമായ 2018 ജനുവരി 26 ന് സ്‌കൂളിലെത്തിക്കുകയും ചെയ്യും. ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പി.ടി.എ യുടെ ശ്രമഫലമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'ഹൃദയപൂര്‍വ്വം' പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിപാടി നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ ഇതിനകം പത്തോളം കുട്ടികള്‍ക്ക് ചികിത്സാ സഹായം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ നല്‍കിയ ഈ പണക്കുറ്റിയില്‍ ഓരോ കുട്ടിയും അവരവരുടെ പണം നിക്ഷേപിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
സഹോദര സ്‌നേഹം, ദാന ശീലം, അനുകമ്പ, പരസ്പര സഹായം, എന്നീ സദ്ഗുണങ്ങള്‍ കുട്ടികളില്‍ ശീലിക്കാനും അതോടൊപ്പം ദേശീയബോധം വളര്‍ത്തുവാനുമാണ് ഒരു ദേശീയ ആഘോഷ ദിനത്തില്‍ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പി.ടി.എ ഭാരവാഹികളും അധ്യാപകരും അറിയിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ദേശഭക്തിഗാനങ്ങളും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. ഉത്തരപ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുഞ്ഞുങ്ങള്‍ക്ക് വേണ്ടി യോഗത്തില്‍ മൗന പ്രാര്‍ഥന നടത്തുകയും അനുശോചിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."