മാവുങ്കാലില്‍ വ്യാപക സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കോട്ടപ്പാറയില്‍ സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമവുമായി ബന്ധപ്പെട്ട് കോട്ടപ്പാറ, മാവുങ്കാല്‍ പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്ക്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഘര്‍ഷം ഉടലെടുത്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ നെല്ലിത്തറ, മാവുങ്കാല്‍ ഭാഗങ്ങളില്‍ വച്ച് അക്രമമുണ്ടായതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നു പറയുന്നു.ഡി.വൈ.എഫ്.ഐ-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലിസ് 10 തവണ ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. രണ്ടു ഭാഗത്തെയും നേതാക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്കു പരുക്കേറ്റു. അതിനിടെ പൊലിസും ബി.ജെ.പി പ്രവര്‍ത്തകരും ഏറെ നേരം മുഖാമുഖം ഏറ്റുമുട്ടി. വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍ കുമാര്‍ ഉള്‍പ്പെടെ പതിനെട്ടോളം പൊലിസുകാര്‍ക്കു പരുക്കേററു. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളും പൊലിസ് തകര്‍ത്തതായി വ്യാപാരികള്‍ ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ടു സി.പി.എം പ്രവര്‍ത്തകരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ മധുരക്കോട്ടെ ആദര്‍ശ്, ശ്യാംജിത്ത് എന്നിവരാണ് പരിയാരത്തുള്ളത്. സി.പി.എം പ്രവര്‍ത്തകരായ നാഗേന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു, മധു പാലായി, രാജന് അമ്പലത്തറ അനില്‍ കുമാര്‍ എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ മീങ്ങോത്തെ ശ്രീജിത്ത്, പൂച്ചക്കാട്ടെ രാജന്, പുതിയ കണ്ടത്തെ പ്രസാദ് എന്നിവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാവുങ്കാലില്‍ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ നാലു ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വാഴക്കോട്ടെ പ്രദീപന്(32), പുതിയ കണ്ടത്തെ വിഷ്ണു (21), അത്തിക്കോത്തെ പ്രശാന്ത്(23), കുറ്റിക്കാലിലെ സായ്കുമാര് (23) എന്നിവരാണ് അറസ്റ്റിലായത്. പൊലിസിനെ അക്രമിച്ച കേസിലെ പ്രതികളായ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെത്തേടി പൊലിസ് വാഴക്കോട്ടെയും കോട്ടപ്പാറയിലെയും വീടുകളില്‍ ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് നടത്തിയിരുന്നു. പലരെയും ഓടിച്ച് പിടികൂടിയതായും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ചു സ്ത്രീകള്‍ കോട്ടപ്പാറയിലും പിന്നീട് പ്രകടനമായി മാവുങ്കാലിലെത്തി ദേശീയപാത ഉപരോധിച്ചു. ഇതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ഉപരോധം വൈകുന്നേരം നാലു വരെ തുടര്‍ന്നു തുടര്‍ന്ന് ബി.ജെ.പി നേതാക്കളുമായി ആര്.ഡി.ഒ ഡോ.പി.കെ.ജയശീ ചര്‍ച്ച നടത്തിയതോടെയാണ് ഉപേരോധം അവസാനിപ്പിച്ചത്. ഇന്നു വിശദമായ ചര്‍ച്ച നടത്താമെന്നും അതുവരെ പൊലിസ് നടപടികള്‍ ഉണ്ടാകില്ലെന്നും ഉറപ്പു നല്കി. പൊലിസിനെ അക്രമിച്ചതിന് 300 ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമമുണ്ടായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മാവുങ്കാലില്‍ കടകളടച്ച് പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."