ബാലകൃഷ്ണന്റെ ദുരൂഹ മരണം സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ പരാതിയുമായി ബന്ധുക്കള്‍
തളിപ്പറമ്പ്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പി. ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ പുതിയ പരാതി. തളിപ്പറമ്പിലെ സ്വത്തുക്കള്‍ തട്ടിയെടുത്തവര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളാണ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.
കേസില്‍ പയ്യന്നൂരിലെ അഭിഭാഷക ശൈലജയ്‌ക്കെതിരേ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് തൃച്ചംബരത്തെ പി.വി അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ പുതിയ പരാതി ഉയര്‍ന്നത്.
ബാലകൃഷ്ണന്റെ ജ്യേഷ്ഠന്റെ മക്കളായ ബീന രഘു, വിനീത എന്നിവര്‍ ബുധനാഴ്ച വൈകുന്നേരം തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി വേണുഗോപാലിനെ നേരിട്ട് കണ്ടാണ് പരാതി രേഖാമൂലം നല്‍കിയത്. തൃച്ചംബരം മൈലാടം പറമ്പിലുള്ള ഒന്നരയേക്കറോളം സ്ഥലവും വീടും പി.വി അനില്‍കുമാര്‍ തട്ടിയെടുത്തുവെന്നാണ് പരാതി. വീട് വാടകക്ക് നല്‍കി ഇയാള്‍ മാസംതോറും അരലക്ഷം രൂപയോളം വരുമാനം നേടുന്നതായി ആക്ഷന്‍ കമ്മിറ്റി ആരോപണമുന്നയിച്ചിരുന്നു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം റോഡിലുള്ള ഉദയം എന്ന വീടും 1.37 ഏക്കര്‍ ഭൂമിയും തട്ടിയെടുത്തതിനാണ് ഉണ്ണികൃഷ്ണനെതിരേ പരാതി.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹി പി. വിശ്വനാഥനും ബാലകൃഷ്ണന്റെ ബന്ധുക്കള്‍ക്കൊപ്പം പരാതി നല്‍കാന്‍ എത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അനില്‍കുമാറിനോടും ഉണ്ണികൃഷ്ണനോടും ഡിവൈ.എസ്.പി ഇന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."