ബൈക്ക് തടഞ്ഞു യുവാവിന്റെ പണം കവര്‍ന്നു
കാസര്‍കോട്: സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവിന്റെ 7,000 രൂപയും 2,000 രൂപയുടെ വെള്ളി മാലയും കവര്‍ന്നതായി പരാതി. പൈവളിഗെ പച്ചമ്പളം സ്വദേശിയായ ഫൈസല്‍ കലന്തറാ(25)ണ് അക്രമത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് ഏരിയാലിലാണു സംഭവം. സുഹൃത്തിനൊപ്പം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പോകുന്നതിനായി ട്രെയിന്‍ കയറാന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്കു ബൈക്കോടിച്ചു പോവുകയായിരുന്നു ഫൈസല്‍. ബൈക്ക് ഏരിയാലിലെത്തിയപ്പോള് രണ്ടുപേര്‍ കൈകാണിച്ചു നിര്‍ത്തി. സൗഹൃദത്തില്‍ സംസാരിച്ചുതുടങ്ങിയ ഇവര്‍ തുടര്‍ന്ന് പേരും നാടും അന്വേഷിച്ചു. ഇതിനിടയില്‍ രണ്ടംഗസംഘം ഫൈസലിന്റെ കഴുത്തിലുണ്ടായിരുന്ന വെള്ളിമാലയും ബാഗും തട്ടിയെടുത്തു. ഇതോടെ ഫൈസലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ബിലാലും ചേര്‍ന്ന് ചെറുത്തു. തുടര്‍ന്ന് ആറുപേര്‍ കൂടി അവിടെയെത്തുകയും ഫൈസലിന്റെ ബാഗില്‍ നിന്ന് 7,000 രൂപ കൂടി കൈക്കലാക്കി. ഇതു തടയാന്‍ ശ്രമിച്ച ഫൈസലിനെ സംഘം മര്‍ദിച്ച് അവശനാക്കിയെന്നും പണവും വെള്ളിമാലയുമായി സംഘം സ്ഥലം വിടുകയും ചെയ്തുവെന്നാണു പരാതി. ഫൈസലിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരേ കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്തു. പ്രതികളെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണു പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."