എം.എല്‍.എമാര്‍ക്കു വേണം കൈയേറ്റാവകാശം
എം.കെ മുനീറും എ. പ്രദീപ്കുമാറുമൊക്കെ താമസിക്കുന്നത് അറബിക്കടലിനടുത്താണ്. കായലിനടുത്ത് താമസിക്കുന്ന മന്ത്രി തോമസ് ചാണ്ടിക്ക് കായലും വനമേഖലയില്‍ നിന്നുള്ള എം.എല്‍.എയായ പി.വി അന്‍വറിന് വനവുമൊക്കെ കൈയേറാനാവുമെങ്കില്‍ മുനീറിനും പ്രദീപിനും കടല്‍ കൈയേറാനുള്ള അവകാശവും ലഭിക്കേണ്ടതുണ്ട്. മന്ത്രിയുടെയും എം.എല്‍.എയുടെയും നിയമലംഘനങ്ങള്‍ക്കെതിരേ വി.ടി ബല്‍റാം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലാണ് മുനീര്‍ 'ന്യായമായ' ഈ ആവശ്യം ഉന്നയിച്ചത്. ഈ അവകാശം തനിക്കും പ്രദീപിനും മാത്രമായി ഒതുക്കരുതെന്നും മുനീര്‍. സഭയിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് കടലും കായലും വനവും വയലുമൊക്കെ കൈയേറാനാവണം. മണ്ഡലത്തിന്റെ വികസനത്തിനായി എം.എല്‍.എമാര്‍ക്ക് അനുവദിക്കുന്ന ഫണ്ടുപോലെ നിശ്ചിത അളവില്‍ കൈയേറ്റത്തിനുള്ള അവകാശവും നല്‍കണമെന്ന് മുനീറിന്റെ നിര്‍ദേശം.
മന്ത്രിയുടെയും എം.എല്‍.എയുടെയും നിയമലംഘനങ്ങള്‍ക്കെതിരേ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടും അതു വകവച്ചുകൊടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവരുടെ രക്ഷയ്‌ക്കെത്തി. തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടില്ലെന്നും ആരോപണങ്ങളൊക്കെ രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി. അന്‍വറും നിയമലംഘനം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എല്ലാവിധ ചട്ടങ്ങളും പാലിച്ചുകൊണ്ടാണെന്നും മുഖ്യമന്ത്രിയുടെ സാക്ഷ്യപ്പെടുത്തല്‍. വിഷയം കൊഴുപ്പിക്കാന്‍ ഏറെ സാധ്യതയുള്ളതാണെങ്കിലും അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചപ്പോള്‍, രണ്ടു ദിവസം തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കേണ്ടെന്നു കരുതിയാവണം പ്രതിപക്ഷം പ്രതിഷേധം ഇറങ്ങിപ്പോക്കിലൊതുക്കി.
സഭയുടെ പരിഗണനയ്ക്കു വന്ന രണ്ടു ബില്ലുകളില്‍ ഒന്നായ ജി.എസ്.ടി ബില്‍ ധാരാളം വകുപ്പുകളും മറ്റുമായി ഏറെ വലുതാണെങ്കിലും കേന്ദ്ര നിയമത്തിനു വിരുദ്ധമായ ഭേദഗതിയൊന്നും സാധ്യമല്ലാത്തതിനാല്‍ ചര്‍ച്ച ഹ്രസ്വവും നാമമാത്രവുമായി. ബില്ലില്‍ പ്രയോഗിച്ച വാക്കുകളുടെ തെറ്റിലും വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതികളിലും ചര്‍ച്ച ഒതുങ്ങി. ബില്ലുകളെ തലനാരിഴ കീറി പരിശോധിച്ചു ശീലിച്ച എം. ഉമ്മറാണ് ബില്ലിന്റെ ഇംഗ്ലീഷ് കോപ്പിയിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, കേന്ദ്ര നിയമത്തില്‍ പ്രയോഗിച്ച വാക്കുകള്‍ മാറ്റാനാവാത്തതിനാല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രഫോബിയ കാരണമാണ് തെറ്റുകള്‍ തിരുത്താന്‍ ഐസക് മടിക്കുന്നതെന്നായി ഉമ്മര്‍. ഒരക്ഷരം മാറ്റിയാല്‍ കേന്ദ്രം പിടികൂടുമെന്ന പേടി മന്ത്രിക്കുണ്ട്. എങ്കിലും തന്റെ മനസ്സമാധാനത്തിനു വേണ്ടിയാണ് ഇത്രയും പറഞ്ഞതെന്നും ഉമ്മര്‍.
ജി.എസ്.ടി വന്നാല്‍ സാധനങ്ങള്‍ക്കു വില കുറയുമെന്ന് ഐസക് നേരത്തെ പറഞ്ഞിരുന്നെങ്കിലും കുറഞ്ഞത് ഐസക്കിന്റെ പ്രായം മാത്രമാണെന്ന് വി.പി സജീന്ദ്രന്‍. ഐസക്കിനെ ഇപ്പോള്‍ കണ്ടാല്‍ 10 വയസ് കുറവു തോന്നും. ജി.എസ്.ടി വന്നപ്പോള്‍ നികുതി സംബന്ധമായ പണികള്‍ കുറഞ്ഞതുകൊണ്ടാണ് പ്രായക്കുറവു തോന്നിപ്പിക്കുന്നത്. എന്നാല്‍, സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമെല്ലാം വില കൂടുകയാണ്. വസ്ത്രം ഇസ്തിരിയിടാനും മുടി വെട്ടാനും ഷേവ് ചെയ്യാനും വരെ ജി.എസ്.ടിയുടെ പേരില്‍ അധിക തുക നല്‍കേണ്ടി വരുന്നുണ്ടെന്ന് സജീന്ദ്രന്‍.
ചെറുകിട വ്യാവസായിക ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി വന്നതോടെ നികുതി മൂന്നിരട്ടി കൂടിയിട്ടുണ്ടെന്നും ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളോടു മത്സരിക്കാനാവാതെ ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടുന്ന അവസ്ഥയാണെന്നും വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനു കിട്ടുന്ന നികുതി വിഹിതത്തില്‍ നിന്ന് അത്തരം ഉല്‍പന്നങ്ങള്‍ക്കു സബ്‌സിഡി നല്‍കുന്ന കാര്യം ആലോചിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് ഐസക്കിന്റെ മറുപടി. ജി.എസ്.ടി ബില്ലിന്റെ അനുബന്ധമായി വരുന്ന മോട്ടോര്‍ വാഹന നികുതി ഭേദഗതി ബില്ലിലും കാര്യമായ മാറ്റങ്ങള്‍ സാധ്യമല്ലാത്തതിനാല്‍ അതിന്‍മേലുള്ള ചര്‍ച്ചയും നിമിഷങ്ങള്‍ മാത്രം നീണ്ടു. വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള ചില നിര്‍ദേശങ്ങള്‍ പി.ടി തോമസ് ഉന്നയിച്ചതൊഴിച്ചാല്‍ ബില്ലില്‍ കാര്യമായ ചര്‍ച്ച നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."