പി.സി ജോര്‍ജിന്റെ പരാമര്‍ശം വനിതാ കമ്മിഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു
കമ്മിഷനെ അപകീര്‍ത്തിപ്പെടുത്തുന്നത് നിയമനിര്‍മാണ പ്രക്രിയയോടുള്ള അനാദരവ്
തിരുവനന്തപുര: വനിതാ കമ്മിഷനും അധ്യക്ഷക്കുമെതിരേ പി.സി ജോര്‍ജ് നടത്തിവരുന്ന അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തി വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി.
നിയമംമൂലം സ്ഥാപിതമായ കമ്മിഷനെ അപകീര്‍ത്തിപ്പെടുത്തുന്നത് നിയമനിര്‍മാണ പ്രക്രിയയോടുള്ള അനാദരവാണ്. വിഷയത്തില്‍ സാധ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം സഭാതലത്തില്‍ അതേക്കുറിച്ച് പരാമര്‍ശിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു.
പി.സി ജോര്‍ജിന്റെ ആവര്‍ത്തിച്ചുള്ള അപകീര്‍ത്തി പ്രസ്താവനയില്‍ ദുഃഖിതയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ച സാഹചര്യത്തില്‍ അവര്‍ക്ക് ധൈര്യം പകരാന്‍ നടിയെ സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തിലും ചാനല്‍ അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ പി.സി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി മറ്റൊരു കത്തും സ്പീക്കര്‍ നല്‍കി. സ്പീക്കറുടെ അനുമതി ലഭിച്ചാലുടന്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.
നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡയറക്ടര്‍ കുര്യാക്കോസിന് നിര്‍ദേശം നല്‍കിയത്. എം.എല്‍.എക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം നിയമസഭാ സ്പീക്കറെ തിങ്കളാഴ്ച തന്നെ അറിയിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ ഏതുതരം അതിക്രമങ്ങളെക്കുറിച്ചും അറിവുലഭിച്ചാല്‍ സ്വമേധയാ കേസെടുക്കുന്നതിന് കമ്മിഷന് അധികാരമുണ്ടെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."