മരണം വരെ മുസ്‌ലിമായി ജീവിക്കാന്‍ ആഗ്രഹമെന്ന് ഹാദിയ: വിഡിയോ പുറത്ത്
കൊച്ചി: സുപ്രിംകോടതി നിര്‍ദേശപ്രകാരം എന്‍.ഐ.എ അന്വേഷണത്തിന് കളമൊരുങ്ങിയിരിക്കവെ മതംമാറ്റ കാര്യത്തില്‍ തന്റെ നിലപാടിലുറച്ച് ഹാദിയ. മരണം വരെ മുസ്‌ലിമായിരിക്കുക തന്റെ ഉറച്ച തീരുമാനമാണെന്നും ഹാദിയ വ്യക്തമാക്കുന്നു. ഹാദിയയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഈശ്വര്‍ ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഹാദിയയുടെ നിലപാട് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയുടെ ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.
ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. അന്തിമ വിധി പുറപ്പെടുവിക്കുന്നതിനുമുന്‍പ് ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചിരിക്കെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണ്.
വീട്ട് തടങ്കലിലാണെങ്കിലും ഇതുവരെ ഒരുനേരത്തെ നിസ്‌കാരം പോലും ഉപേക്ഷിച്ചിട്ടില്ല. മതവിശ്വാസം പുലര്‍ത്തുന്നതിന് വിവാഹബന്ധം ഒരുമാനദണ്ഡമല്ലെന്നും ഹാദിയ വ്യക്തമാക്കുന്നു. ദൃശ്യങ്ങളില്‍ പൊലിസ് കാവലും വ്യക്തമായി കാണുന്നുണ്ട്. വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നിസ്‌കാരം വേണ്ട രീതിയില്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെന്നും തന്നെ ആരും നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് മാറ്റിയതല്ലെന്നും ഹാദിയ പറഞ്ഞതായി രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ രാവിലെയാണ് ഹാദിയയുടെ വീട്ടിലെത്തി രാഹുല്‍ ഈശ്വര്‍ മാതാവ് പൊന്നമ്മയുടെയും പിതാവ് അശോകന്റെയും ഹാദിയയുടെയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മറ്റുള്ളവരെ പോലെ തനിക്ക് ജീവിക്കണമെന്നും താന്‍ നിസ്‌കരിക്കുമ്പോള്‍ എന്തിനാണ് വഴക്കുപറയുന്നതെന്ന് മാതാപിതാക്കളോട് ചോദിക്കണമെന്നും ഹാദിയ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
മകളുടെ മതംമാറ്റത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പിതാവ് അശോകന്‍ പറയുന്നതും വിഡിയോയിലുണ്ട്. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ച സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അശോകന്‍ പറയുന്നു. ഹാദിയയെപോലെ ഡോക്ടറായ പെണ്‍കുട്ടിയെ വീട്ടില്‍ അടച്ചിടുന്നത് ശരിയല്ലെന്നും ഇടയ്ക്ക് വീടിനുപുറത്ത് കൊണ്ടുപോകാന്‍ പിതാവിനോട് നിര്‍ദേശിച്ചതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
എപ്പോഴും ഒരു സംഘര്‍ഷാവസ്ഥയാണ് ഹാദിയയുടെ വീട്ടില്‍ നിലനില്‍ക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് നല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും ഹാദിയക്ക് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. വൈക്കം സ്വദേശി അശോകന്റെ മകളായ അഖില സേലത്ത് ഹോമിയോ ബിരുദ പഠനത്തിടെയാണ് സഹപാഠികളില്‍നിന്ന് ഇസ്‌ലാമിനെ കുറിച്ച് പരിചയപ്പെടുന്നതും അതില്‍ ആകൃഷ്ടയായി മതംമാറി ഹാദിയ ആകുന്നതും. ഇതേത്തുടര്‍ന്ന് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഹാദിയ കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി വിവാഹിതയായതാണ് വിവാദമായി മാറിയത്. തുടര്‍ന്ന് ഹാദിയയെ, വിവാഹം റദ്ദ് ചെയ്ത് ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വൈക്കത്തെ വീട്ടിലേക്ക് വിടുകയായിരുന്നു.
കോടതി നിര്‍ദേശപ്രകാരം പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും മറ്റും ഹാദിയയെ സന്ദര്‍ശിക്കുന്നതിന് അനുമതി അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."