ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കപ്പെട്ട 10 വയസുകാരി പ്രസവിച്ചു
ചണ്ഡിഗഡ്: സുപ്രിം കോടതി ഗര്‍ഭ ഛിദ്രത്തിന് അനുമതി നിഷേധിച്ച പത്തുവയസുകാരി പ്രസവിച്ചു. ചണ്ഡിഗഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാവിലെ 9.20നായിരുന്നു പ്രസവം.
പത്തുവയസുകാരിയും നവജാത ശിശുവും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശിശുവിനെ നവജാത ശിശുക്കള്‍ക്കായുള്ള ഐ.സിയുവിലേക്ക് മാറ്റി. പെല്‍വിക് അസ്ഥി വളര്‍ച്ച പ്രാപിക്കാത്തതുകാരണം കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമക്കുന്നതും പ്രസവിക്കുന്നതും ഗുരുതരാവസ്ഥക്കിടയാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മാതാവിന്റെ സഹോദരന് പീഡിപ്പിച്ചാണ് കുട്ടിയെ ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന് ഗര്‍ഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സുപ്രിം കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ ഗര്‍ഭഛിദ്രം കുട്ടിയുടെ ജീവന് അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാരുടെ പ്രത്യേക സംഘം മുന്നറിയിപ്പ് നല്‍കിയതിനെതുടര്‍ന്നാണ് സുപ്രിം കോടതി ഇത് തടഞ്ഞത്.
താന്‍ ഗര്‍ഭിണിയാണെന്നുപോലും മനസിലാക്കാനുള്ള മാനസികാവസ്ഥയില്ലാത്ത കുട്ടിയെ വയറ്റിലുള്ള കല്ല് നീക്കം ചെയ്യാനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചിരുന്നത്.
നേപ്പാള്‍ സ്വദേശികളായ കുട്ടിയും രക്ഷിതാക്കളും ചണ്ഡിഗഡിലാണ് താമസിക്കുന്നത്. നവജാത ശിശുവിനെ ദത്തുനല്‍കാന്‍ തയാറാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."