ഖത്തര്‍ ഹാജിമാര്‍ സഊദിയുടെ അതിഥികള്‍
റിയാദ്: ഖത്തര്‍ പൗരന്മാരായ ഹാജിമാര്‍ക്ക് വേണ്ടണ്ട സൗകര്യങ്ങള്‍ ഒരുക്കാനും രാജ്യത്തേക്ക് കടക്കാനുള്ള മാര്‍ഗങ്ങള്‍ തുറക്കാനും സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടതിനു പിന്നാലെ ഖത്തര്‍ ഹാജിമാര്‍ മക്കയിലെത്തി. ഇതിനകം 120 ഹാജിമാര്‍ സല്‍വ അതിര്‍ത്തി വഴി രാജ്യത്തേക്ക് പ്രവേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഖത്തര്‍ തീര്‍ഥാടകര്‍ക്ക് സൗകര്യമാകും വിധം സഊദി അതിര്‍ത്തി തുറക്കാനും ആവശ്യമെങ്കില്‍ ദോഹയിലേക്ക് സഊദി എയര്‍ ലൈസന്‍സ് അയച്ചു തീര്‍ഥാടകരെ എത്തിക്കാനുമുള്ള സൗകര്യവും ഒരുക്കണമെന്നും സഊദി രാജാവ് ഇന്നലെ ഉത്തരവിട്ടിരുന്നു. ഓണ്‍ലൈന്‍ ഹജ്ജ് അനുമതി ലഭിക്കാതെ തന്നെ ഖത്തര്‍ ഹാജിമാര്‍ക്ക് സഊദി കര അതിര്‍ത്തി വഴി പുണ്യനാഗരികളെത്താനും അനുമതി നല്‍കി. ഗള്‍ഫ് പ്രതിസന്ധിയില്‍ ഏറ്റവും നിര്‍ണായകമായ ചുവടുവയ്പാണ് സഊദി നടത്തിയിരിക്കുന്നുവെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഖത്തര്‍ രാജകുടുംബത്തിലെ ശൈഖ് അബ്ദുല്ല ബിന്‍ അലി ആല്‍ഥാനി ഇന്നലെ ജിദ്ദയിലെത്തി സഊദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സല്‍മാന്‍ രാജാവിന്റെ ഇടപെടല്‍. കൂടിക്കാഴ്ച്ചയിലെ മുഖ്യ വിഷയം തീര്‍ഥാടകരുടെ സഊദി പ്രവേശനമായിരുന്നു. രാജ കല്‍പന പ്രകാരം ഹജ്ജിനു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലഭിക്കാതെ തന്നെ സഊദി-ഖത്തര്‍ അതിര്‍ത്തി പങ്കിടുന്ന സല്‍വയിലെ റോഡ് മാര്‍ഗം സഊദിയിലേക്ക് പ്രവേശിക്കാനാകും.
തുടര്‍ന്ന് അല്‍ഹസ, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ ഹജ്ജ് ടെര്‍മിനലിലേക്ക് വിമാന സൗകര്യവും ഒരുക്കി. കൂടാതെ ദോഹയിലേക്ക് പ്രത്യേക ഹജ്ജ് വിമാനം അയക്കാന്‍ സഊദി എയര്‍ലൈന്‍സിന് നിര്‍ദേശവും നല്‍കി. സൗജന്യമായി നടത്തുന്ന സര്‍വിസിന്റെ മുഴുവന്‍ ചെലവുകളും സഊദി വഹിക്കും. ജിദ്ദയില്‍ എത്തിയ ഖത്തര്‍ ഹാജിമാരെ സല്‍മാന്‍ രാജാവിന്റെ അതിഥികളായി സ്വീകരിക്കും.
ഹജ്ജുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കെ തന്നെ ഇരു കൂട്ടരും ചില പ്രസ്താവനകള്‍ നടത്തിയത് ആശങ്കക്കിടയാക്കിയിരുന്നു. ഹജ്ജിനു ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഊദി നടത്തിയ പുതിയ നീക്കം പുതിയ കാല്‍വയ്പുകളായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."