പൊലിസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പൊലിസിനെക്കണ്ട് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മലപ്പുറം മുണ്ടുപറമ്പ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മണി - പളനിയമ്മ ദമ്പതികളുടെ മകന്‍ പ്രതീഷ് (21) ന്റെ മൃതദേഹമാണ് ഇന്നലെ കാവുങ്ങല്‍ ബൈപ്പാസിന് സമീപം കടലുണ്ടിപ്പുഴയില്‍ നിന്ന് പൊലിസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
സ്വാതന്ത്ര്യദിനത്തില്‍ കാവുങ്ങല്‍ ഭാഗത്ത് പുഴക്കരയിലിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന സംഘം പൊലിസിനെക്കണ്ട് പുഴയില്‍ ചാടുകയായിരുന്നു. യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ വിവരം നല്‍കിയതോടെയാണ് പൊലിസ് എത്തിയത്. പൊലിസ് വരുന്നത് ശ്രദ്ധയില്‍പെട്ട യുവാക്കളില്‍ ചിലര്‍ പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ ഒഴുക്കില്‍പ്പെട്ട കാവുങ്ങല്‍ സ്വദേശി അഫ്‌സാനെ(24) എസ്.ഐ ബി.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പുഴയിലിറങ്ങിയാണ് പിടികൂടിയത്. സംഭവ സ്ഥലത്ത് നിന്ന് പ്രതീഷിന്റെ സുഹൃത്ത് മേല്‍മുറി മച്ചിങ്ങല്‍ സ്വദേശി രാഗേഷി(19)നെ മയുക്കുമരുന്നുകള്‍ സഹിതം പിടികൂടിയിരുന്നു. സംഭവ ശേഷം പ്രതീഷിനെ കാണാനില്ലെന്നു പറഞ്ഞ് ബന്ധുകള്‍ ബുധനാഴ്ച വൈകിട്ട് മലപ്പുറം പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടസ്ഥാനത്തിലാണ് വ്യാഴാഴ്ച പുഴയില്‍ തെരച്ചില്‍ നടത്തിയത്.
ഫയര്‍ഫേഴ്‌സും പൊലിസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പകല്‍ ഒന്നരയോടെയാണ് കാവുങ്ങല്‍ ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.
മരിച്ച പ്രതീഷ് പെരിന്തല്‍മണ്ണയിലെ പാരാമെഡിക്കല്‍ കോളജില്‍ നിന്ന് അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."