ചെക്ക്‌പോസ്റ്റില്‍ പരിശോധന പ്രഹസനമാകുന്നു തമിഴ്‌നാട്ടില്‍നിന്ന് വീണ്ടും സ്പിരിറ്റ് കടത്ത് വ്യാപകം
കൊല്ലം: ജി.എസ്.ടിയുടെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന പ്രഹസനമായതോടെ വ്യാജമദ്യ നിര്‍മാണത്തിനായി സംസ്ഥാനത്തേക്കു വീണ്ടും സ്പിരിറ്റ് ഒഴുകുന്നു. ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴിയാണു വന്‍തോതില്‍ സ്പിരിറ്റ് തമിഴ്‌നാട്ടില്‍നിന്ന് വടക്കന്‍ കേരളത്തിലേക്കു കടത്തുന്നത്.
ആഡംബര വാഹനങ്ങളില്‍ പ്രത്യേക അറകള്‍ നിര്‍മിച്ച് കടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു സംസ്ഥാനത്തേക്കു നാളികേരവുമായി വരുന്ന ലോറികളിലും മത്സ്യവണ്ടികളിലും സ്പിരിറ്റ് ഒളിപ്പിച്ചു കടത്തുന്നതായാണു വിവരം.
എന്നാല്‍ എക്‌സൈസ് വിഭാഗം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സ്പിരിറ്റ് കടത്ത് തടസങ്ങളില്ലാതെ തുടരുകയാണ്. അടുത്തകാലത്തൊന്നും ഇതുവഴി സ്പിരിറ്റ് പിടികൂടിയിട്ടില്ലെന്നതും വ്യാജ മദ്യലോബികള്‍ക്ക് ആശ്വാസമാണ്.
അടഞ്ഞുകിടന്ന ബാറുകളില്‍ ഒരുവിഭാഗവും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നതും വ്യാജ മദ്യക്കടത്തിന് അനുകൂലമായിമാറിയിട്ടുണ്ട്.
ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംഘത്തിനു കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്. ചില ഭരണകക്ഷി നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ചാണ് ഇവിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്. ഒരു സി.ഐ, ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നാല് സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ചെക്ക്‌പോസ്റ്റില്‍ ഒരു ടേണ്‍ ഡ്യൂട്ടിയിലുള്ളത്.
വ്യാജമായി കഞ്ചാവ് കേസുകള്‍ എടുത്തതായുള്ള ആരോപണമുള്ളവരും മദ്യദുരന്തക്കേസില്‍ അന്വേഷണം നേരിടുന്നവരും ഉള്‍പ്പെടേയുള്ള ഉദ്യോഗസ്ഥരെയാണ് ഇവിടെ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."